കൊല്ലം ജില്ലയില്‍ 45 ക്യാമ്പുകളിലായി 1703 കുടുംബങ്ങള്‍; ദുരിതപെയ്ത്തില്‍ നഷ്ടം 15.92 കോടി
text_fieldsമൺറോതുരുത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്ന മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: മഴക്കെടുതി ശമനമില്ലാതെ തുടരുന്ന ജില്ലയില്‍ ഒരാഴ്ചക്കിടയിലുണ്ടായ നഷ്ടം 15.92 കോടി കടന്നതായി ഔദ്യോഗിക കണക്ക്. ചൊവ്വാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.കൊട്ടാരക്കരയിലാണ് അതിതീവ്ര മഴ ലഭിച്ചത്. 25.5 മില്ലി മീറ്റര്‍. ജില്ലയുടെ കിഴക്കന്‍മേഖലയിലും കനത്തമഴ ലഭിച്ചു. ആര്യങ്കാവ്, കൊല്ലം, കുന്നത്തൂര്‍ പ്രദേശങ്ങളില്‍ മഴയുടെ തീവ്രത കുറവായിരുന്നെങ്കിലും ഇടക്കിടെ പെയ്ത മഴ ജനത്തെ ദുരിതത്തിലാക്കി.
കല്ലട, പള്ളിക്കല്‍ ആറുകള്‍ ചൊവ്വാഴ്ചയും അപകടനിലക്ക് മുകളില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കൊല്ലം നഗരത്തില്‍ അഷ്ടമുടിക്കായലിെൻറ തീരങ്ങളിലും മൺറോതുരുത്തിലുമുള്പ്പെടെ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് 114.24 മീറ്ററായി. ഡാമിെൻറ മൂന്ന് ഷട്ടറുകള്‍ 0.80 വീതം ഉയര്‍ത്തി.
ജില്ലയില്‍ ആകെ 45 ക്യാമ്പുകള്‍ പ്രവർത്തിക്കുന്നു. 1703 കുടുംബങ്ങളിലെ 4451 പേരെയാണ് ഇവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കരുനാഗപ്പള്ളിയിലാണ് കൂടുതല്‍ ക്യാമ്പുകള്‍. 11 ക്യാമ്പുകളിലായി 390 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കുന്നത്തൂരും കൊല്ലത്തും 10 വീതവും കൊട്ടാരക്കര അഞ്ച്, പത്തനാപുരം ഏഴ്, പുനലൂര്‍ രണ്ട് ക്യാമ്പുകളും തുറന്നിട്ടുണ്ട്. മഴക്കെടുതിയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും 65 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
അവലോകനവും തുടര്‍നടപടികളും വിലയിരുത്തി മന്ത്രിമാര്‍
കൊല്ലം: ജില്ലയില്‍ മഴക്കെടുതി നേരിടുന്ന സ്ഥലങ്ങളുടെ തൽസ്ഥിതിയും ദുരിതാശ്വാസ നടപടികളും ചര്‍ച്ച ചെയ്ത് മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു.
നാശനഷ്ടത്തിെൻറ തോത് കണക്കാക്കി നഷ്ടപരിഹാര നടപടികളിലേക്ക് കടക്കാനാകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളിലെ സ്ഥിതിയും തൃപ്തികരമാണ്. കോവിഡ് മാനദണ്ഡപാലനം ഉറപ്പാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. അടയന്തര സാഹചര്യം ഒഴിയുംവരെ ഉദ്യോഗസ്ഥര്‍ സേവന സന്നദ്ധരായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ നിലനിർത്തണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിർദേശിച്ചു. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമാക്കണം.
വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരണം. കിഴക്കന്‍ മേഖലയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം. മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനപ്രതിനിധികള്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ആവശ്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കലക്ടര്‍ അഫ്സാന പര്‍വീണ്‍ വ്യക്തമാക്കി. മേജര്‍-മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ ഉടന്‍ യോഗം വിളിക്കുമെന്നും അറിയിച്ചു.
എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, കെ. സോമപ്രസാദ്, എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്, കെ.ബി. ഗണേഷ് കുമാര്‍, പി.സി. വിഷ്ണുനാഥ്, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നൽകും –മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. മണ്‍റോതുരുത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദീര്‍ഘകാല പരിപാടികള്‍ പരിഗണനയിലുണ്ട്. മുമ്പില്ലാത്തപോലെ ഇവിടെ മഴക്കാലത്ത് കൂടുതലായി വെള്ളം കയറുന്നു.
വേലിയേറ്റ സമയത്ത് കൂടുതല്‍ സമയം വെള്ളം നില്‍ക്കുന്നുമുണ്ട്. ഇത് ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തില്‍ ശാശ്വതമായ പരിഹാരം കാണണം. ടൂറിസം വികസനം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ കാലവര്‍ഷക്കെടുതിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുതോടുകളും അരുവികളും അടഞ്ഞ് വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. ഇതിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക.
കിഴക്കേകല്ലടയിലെ സര്‍ക്കാര്‍ എം.ജി.എല്‍.പി സ്കൂള്‍, മണ്‍റോതുരുത്ത് ബഥേല്‍ എല്‍.പി.എസ്, വി.എസ്.യു.പി സ്കൂള്‍, കല്ലുവിള ഭാര്‍ഗവി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മണ്‍റോതുരുത്തിന് പ്രത്യേക പാക്കേജ് പരിഗണനയിൽ –മന്ത്രി ജെ. ചിഞ്ചുറാണി
കൊല്ലം: മണ്റോതുരുത്തിെൻറ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍തലത്തില്‍ പ്രത്യേക പാക്കേജ് പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മണ്‍റോതുരുത്തിലെ വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നു. കന്നുകാലി തൊഴുത്തുകള്‍ നഷ്ടപ്പെട്ടവര്‍ അപേക്ഷ നല്‍കുന്നതിന് അനുസരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കും. കാലിത്തീറ്റയും എത്തിച്ചുനല്‍കുമെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

