കൊല്ലം-എറണാകുളം മെമു കോച്ചുകൾ തിരിച്ചെത്തി; ഇനി ശുഭയാത്ര
text_fieldsകൊല്ലം: കൊല്ലം-കോട്ടയം-എറണാകുളം മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടായി കുറച്ചതിനെ തുടർന്ന് യാത്രക്കാർ നേരിട്ട കടുത്ത യാത്രാക്ലേശത്തിന് പരിഹാരം. തിങ്കളാഴ്ച മുതൽ 12 കോച്ചുകളുമായി മെമു സർവിസ് നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ അടിയന്തര ഇടപെടലിലൂടെ ആണ് പ്രതിസന്ധിക്ക് പരിഹാരം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് വിഷയം ഉന്നയിച്ചതോടെ അധിക കോച്ചുകൾ അടിയന്തിരമായി ലഭ്യമാക്കാൻ റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിർദേശം നൽകി.
റെയിൽവേ ബോർഡ് ഇടപെട്ടതിനെ തുടർന്ന് 12 കോച്ചുകളാക്കി സർവീസ് പുനസ്ഥാപിക്കുന്നതിനാവശ്യമായ അധിക കോച്ചുകൾ ശനിയാഴ്ച കൊല്ലത്തെത്തും. സാങ്കേതിക നടപടി പൂർത്തിയായാൽ ഞായറാഴ്ച മുതൽ തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ പൂർണമായും 12 കോച്ചുകളോടെയായിരിക്കും മെമു ടസർവീസ് നടത്തുക.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ മെമു കോച്ചുകളുടെ സാങ്കേതിക തകരാറും സ്പെയർ റേക്കിന്റെ അഭാവവും മൂലമാണ് ഏതാനും ദിവസങ്ങളായി മെമു എട്ട് കോച്ചുകളുമായി സർവീസ് നടത്തിയത്. ആയിരക്കണക്കിന് ആളുകളുടെ യാത്ര രൂക്ഷമായ തിരക്കിലും ദുരിതത്തിലുമായിരുന്നു.
യാത്രക്കാരുടെ ആവശ്യത്തിന് പരിഹാരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, തിരുവനന്തപുരം റെയിൽവേ ഡിവിഷന് സ്ഥിരമായി സ്പെയർ മെമു റേക്ക് അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ തുടർന്നും ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

