കൊല്ലം ജില്ലാ കലോത്സവം; ചവിട്ടുനാടകത്തിൽ ആധിപത്യവുമായി ജോൺ എഫ്.കെന്നഡി
text_fieldsഎച്ച്.എസ്.എസ് വിഭാഗം ചിവിട്ടുനാടകം ഓന്നാം സ്ഥാനം നേടിയ ജോൺ എഫ് കെന്നഡി എച്ച്.എസ്.എസ്, കരുനാഗപ്പള്ളി
അഞ്ചൽ: പൗരാണിക വീരകഥകൾ ചവിട്ടിന്റെ താളത്തിൽ പുനർജനിക്കുന്ന ചവിട്ടുനാടക വേദിയിൽ പെൺകരുത്തിന്റെ പ്രകടനവുമയെത്തി ഇരട്ടവിജയം നേടി വില്യം ഷേക്സ്പിയറുടെ മാക്ബത്തും കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി എം.വി എച്ച്.എസ്.എസും. എച്ച്.എസ് വിഭാഗത്തിലും എച്ച്.എസ്.എസ് വിഭാഗത്തിലുമാണ് സ്കൂൾ ഇരട്ടവിജയം സ്വന്തമാക്കിയത്.
തുടർച്ചയായി പങ്കെടുത്ത് വിജയിക്കുന്നുണ്ടെങ്കിലും ചവിട്ടുനാടക മത്സരത്തിൽ ആദ്യമാണ് സ്കൂൾ മാക്ബത്ത് വേദിയിലെത്തിയച്ചത്. എച്ച്.എസ് വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും എച്ച്.എസ്.എസ് വിഭാഗത്തിൽ തുടർച്ചയായി നാലാം തവണയുമാണ് ജില്ലതലത്തിൽ ഒന്നാമതെത്തുന്നത്.
ഇരുടീമുകളുടെയും വിജയത്തിന് പിന്നിൽ പരിശീലകർ റോയ് ജോർജ്കുട്ടി, റിതുൽ റോയ്, കെ.ആർ. ആന്റണി എന്നിവരുടെ കഠിനാധ്വാനമാണ്. ആദിത്യ, അനാമിക, അനശ്വര, ദുർഗ, ദേവിക, ദേവനന്ദ, ശ്രീപാർവതി, അലീന, ആതിര, മീനാക്ഷി എന്നിവർ എച്ച്.എസ് വിഭാഗത്തിലും ഹിബ, നിത്യ, ശ്രീലക്ഷ്മി, ആൻഡ്രിയ, അൻഫോൻസ, ലിന്റ, അനശ്വര, ഉത്തര, പാർവതി, മീര കൃഷ്ണ എന്നിവർ എച്ച്.എസ്.എസ് വിഭാഗത്തിലും വേദിയിലെത്തി.
ഭരതനാട്യത്തിൽ മധുര പ്രതികാരം
അഞ്ചൽ: കഴിഞ്ഞവർഷം നഷ്ടപ്പെട്ട എച്ച്.എസ് വിഭാഗം ഭരതനാട്യത്തിലെ കിരീടം ഇത്തവണ തിരികെ സ്വന്തമാക്കി പൂവറ്റൂർ ഡി.വി എൻ.എസ്.എസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി സുരേഷ്. ഭരതനാട്യത്തിൽ ഒന്നാമതെത്തിയ ഗൗരി മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. അടുത്ത ദിവസമുള്ള കുച്ചിപ്പുടി മത്സരത്തിനും ഗൗരി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജില്ല കലോത്സവത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഗൗരി, കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തിലെ മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടിയിരുന്നു. യു.പി ക്ലാസ് മുതൽ നൃത്തമത്സരങ്ങളിൽ സ്ഥിരസാന്നിധ്യമായ ഗൗരി കൊട്ടാരക്കര മൈലം ചിത്രവീണയിൽ സുരേഷ് ബാബു-സൗമ്യ ദമ്പതികളുടെ മകളാണ്.
1) യു.പി വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ ബി.എസ്. നിവേദിത, എൻ.വി യു.പി.എസ് വയല, 2) ഗൗരി സുരേഷ,എച്ച്.എസ് വിഭാഗം ഭരതനാട്യം (പെൺ), ഡി.വി.എൻ.എസ്.എസ് എച്ച്.എസ്.എസ്, പൂവറ്റൂർ
രണ്ടാം ദിനത്തിലും ചാത്തന്നൂർ മുന്നിൽ
അഞ്ചൽ: വേദികളിൽ ആവേശത്തിലും നിറക്കൂട്ടുകളിലും കലാമികവിന്റെ തീപാറുന്ന പോരാട്ടം കാഴ്ചവെച്ച ജില്ല കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിവിധ കലാവിഭാഗങ്ങളിലെ കുട്ടികളുടെ മികവ് പ്രേക്ഷകരെ പിടിച്ചുകുലുക്കുന്ന നിമിഷങ്ങളായി. ബുധനാഴ്ച മത്സരങ്ങൾ രാത്രിയിലേക്കും നീണ്ടപ്പോൾ പോരാട്ടവഴിയിൽ ഇഞ്ചോടിഞ്ചാണ് മത്സരം.
470 പോയിന്റുമായി ചാത്തന്നൂർ ഉപജില്ലയാണ് രണ്ടാം ദിനത്തിലും മുന്നേറുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കരുനാഗപ്പള്ളി ഉപജില്ല 451 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. 437പോയിന്റുമായി പുനലൂർ ഉപജില്ലയാണ് മൂന്നാമത്. സ്കൂളുകളിൽ 143പോയിന്റുമായി ജെ.എഫ്.കെ.എം.വി എച്ച്.എസ്.എസ് അയണിവേലിക്കുളങ്ങരയാണ് ഒന്നാമത്. എസ്.എം.എച്ച്.എസ് പതാരം 131പോയന്റുമായി പിന്നിലുണ്ട്. 126.പോയന്റോടെ ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കൊട്ടാരക്കരയാണ് മൂന്നാമത്.
രണ്ടാം ദിനത്തിൽ തിരുവാതിര, ചവിട്ടുനാടകം, ഭരതനാട്യം, നാടകം, മാർഗംകളി പരിചമുട്ട് എന്നിവ ആയിരുന്നു പ്രധാന ഇനങ്ങൾ. എന്നാൽ, ഒരേവേദിയിൽതന്നെ വിവിധ മത്സരങ്ങൾ അരങ്ങേറിയത് വിദ്യർഥികളെയും രക്ഷിതാക്കളെയും ഒരേപോലെ വലച്ചു. മേക്കപ്പിട്ട് മണിക്കൂറോളം ഭക്ഷണം കഴിക്കാതെ കാത്തിരുന്നതിനാൽ കുട്ടികൾ മത്സരശേഷം കുഴഞ്ഞുവീണു.
(റിപ്പോർട്ട്: കെ.എം. ഫൈസൽ, എൻ.കെ. ബാലചന്ദ്രൻ. ചിത്രങ്ങൾ: സി. സുരേഷ്കുമാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

