അച്ഛൻ പകർന്ന ചുവടുമായെത്തി മോഹിനിയാട്ടത്തിൽ ആദിലക്ഷ്മി
text_fieldsഎച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം ഒന്നാംസ്ഥാനം നേടിയ എ. ആദിലക്ഷ്മി (അമൃത എച്ച്.എസ്.എസ്, പാരിപ്പള്ളി)
അഞ്ചൽ: മൂന്നര വയസ് മുതൽ അച്ഛന്റെ പാഠത്തിൽ നൃത്തലോകത്തേക്ക് കാൽവെച്ച ആദിലക്ഷ്മി, ഈ വർഷത്തെ ജില്ല കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ മികവ് തെളിയിച്ചു. മോഹിനിയാട്ടത്തിന്റെ ഫലം പത്താം വേദിയായ ശബരിഗിരി സ്കൂളിലെ വേദിയിൽ പ്രഖ്യാപിക്കുമ്പോൾ അവൾ ഉണ്ടയിരുന്നില്ല.
കടുത്ത പനിയെ തുടർന്ന് മത്സരത്തിനുശേഷം വിശ്രമത്തിലായതിനാൽ അധ്യാപകരാണ് ഫസ്റ്റ് എ ഗ്രേഡോടെ സംസ്ഥാനതല മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ട വിവരം ആദിലക്ഷ്മിയെ വിളിച്ച് അറിയിച്ചത്.
ഭരതനാട്യത്തിൽ എം.എ ബിരുദധാരിയും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിലെ മുൻ വിദ്യാർഥിയുമായ അച്ഛൻ ലൈജുവാണ് ചെറുപ്പംമുതലേ ആദിലക്ഷ്മിയുടെ പരിശീലകൻ. അമ്മ മിഥില കാസർകോട് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായതിനാൽ കഴിഞ്ഞ മൂന്ന് വർഷവും ആദിലക്ഷ്മി കലോത്സവത്തിൽ കാസർകോട് ജില്ലക്കായാണ് മത്സരിച്ചത്.
ഈ വർഷം അമ്മക്ക് പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ട്രാൻസ്ഫർ കിട്ടിയതോടെയാണ് ചാത്തന്നൂർ ഉപജില്ലയിലെ പാരിപ്പള്ളി എ.എസ്.എച്ച്.എസ്.എസിന് വേണ്ടി ചിലങ്കയണിയാൻ ഭാഗ്യം ലഭിച്ചത്.
കേരളനടനത്തിൽ തുടർച്ചയായി രണ്ടുവർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിട്ടുള്ള ആദിലക്ഷ്മി, ഇത്തവണയും മോഹിനിയാട്ടം കൂടാതെ കുച്ചിപ്പുടിയിലും കേരളനടനത്തിലും ജില്ലയിൽ മത്സരിക്കുന്നുണ്ട്. ഇപ്പോൾ പാരിപ്പള്ളി എ.എസ്.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പാരിപ്പള്ളി മാധവം വീട്ടിൽ ആദിലക്ഷ്മി.
(റിപ്പോർട്ട്: കെ.എം. ഫൈസൽ, എൻ.കെ. ബാലചന്ദ്രൻ, ഫോട്ടോ: സി. സുരേഷ് കുമാർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

