ജില്ല അത്‍ലറ്റിക് മീറ്റ്; അലയൊലിയായി ആവേശം
text_fieldsകൊല്ലം: ഓരോ ചുവടിലും വീറോടെ പോരാടുന്ന ബാല്യവും കൗമാരവും യുവത്വവും ഒരൊറ്റ ട്രാക്കിൽ അണിനിരന്നുള്ള അവിസ്മരണീയ പ്രകടനങ്ങളുടെ ആവേശക്കാഴ്ചയൊരുക്കി 70മത് ജില്ല അത്‍ലറ്റിക്സ് മീറ്റിന്റെ രണ്ടാം ദിനം. ചുട്ടുപൊള്ളുന്ന വെയിലിനെ പോലും തോൽപ്പിക്കുന്ന മത്സരചൂടിൽ ട്രാക്കിലും ഫീൽഡിലും വിയർപ്പൊഴുക്കി കുതിക്കുന്ന താരങ്ങളാൽ സമ്പന്നമാണ് മീറ്റ്.
പൊന്നും വെള്ളിയും വെങ്കലവും സ്വന്തമാക്കിയവരുടെ ആഹ്ലാദവും മെഡൽ പട്ടികയിൽ ഇടംനേടാനുള്ള അവസരം ഏതാനും സെക്കൻഡുകളിലും സെന്റിമീറ്ററുകളിലും നഷ്ടപ്പെട്ടുപോയവരുടെ നിരാശയുമെല്ലാം ചേർന്ന് സമ്മിശ്രമായൊരു മത്സരക്കളമാണെങ്കിലും പങ്കെടുപ്പിന്റെ ആവേശം എങ്ങും നിറഞ്ഞുനിൽക്കുന്നു. പോരാട്ടം കൂടുതൽ ചൂടുപിടിച്ചതോടെ പോയന്റ് പട്ടികയിലും തകർപ്പൻ കുതിപ്പാണ് കാണാനാകുന്നത്. ആദ്യ ദിനത്തിൽ മുന്നിൽ നിന്ന നിലവിലെ ചാമ്പ്യൻ കൂടിയായ അഞ്ചൽ സെന്റ് ജോൺസ് കോളജ് തന്നെയാണ് രണ്ടാം ദിനത്തിലെ മത്സരങ്ങൾ അവസാനിച്ചപ്പോഴും ഒന്നാമത്.
ബഹുദൂരത്തിലെ കുതിപ്പുമായി 252.5 പോയന്റ് ആണ് ഇതുവരെ കിഴക്കൻ മേഖലയുടെ കരുത്തർ വാരിക്കൂട്ടിയത്. ആദ്യ ദിനത്തിൽ പോയന്റ് പട്ടികയിൽ മുൻനിരയിലൊന്നും ഇല്ലാതിരുന്ന കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ മിടുക്കർ രണ്ടാം ദിനത്തിൽ അവിസ്മരണീയ പ്രകടനമാണ് പുറത്തെടുത്തത്. 131 പോയന്റ് ഇതുവരെ നേടിയ ടി.കെ.എം സംഘം പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് ആണ്. ചെറിയ പ്രായവിഭാഗത്തിൽ മത്സരിക്കാൻ അധികം താരങ്ങളില്ലാത്ത ടി.കെ.എം, ആദ്യ ദിനത്തിൽ പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ നിന്നാണ് കുതിച്ചത്. പുരുഷ വിഭാഗം ഓവറോൾ പോയന്റ് നിലയിൽ ഒന്നാമത് അഞ്ചൽ സെന്റ് ജോൺസ് കോളജും രണ്ടാമത് ടി.കെ.എം കോളജുമാണ്. വനിതാ വിഭാഗം ഓവറോൾ ചാമ്പ്യൻസ് പട്ടികയിലും അഞ്ചൽ സെന്റ് ജോൺസ് കോളജ് ആണ് മുന്നിൽ. വിമല സെൻട്രൽ സ്കൂൾ ചാത്തന്നൂർ ആണ് രണ്ടാമത്.
മീറ്റിന്റെ അവസാന ദിനമായ വെള്ളിയാഴ്ച കിരീടപ്പോരാട്ടത്തിന്റെ മണിക്കൂറുകൾക്കാകും ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സാക്ഷിയാകുന്നത്. അണ്ടർ 16, അണ്ടർ 18, അണ്ടർ 20, പുരുഷ-വനിത വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇന്ന് നടക്കുക. 200 മീറ്റർ, ഹർഡ്ൽസ്, 800 മീറ്റർ, റിലെ ഉൾപ്പെടെ മത്സരങ്ങളാണ് അവസാന മണിക്കൂറുകളിൽ ആവേശം വിതറുക. എതിരാളികളെ പിന്നിലാക്കി കുതിക്കുന്ന അഞ്ചൽ സെന്റ് ജോൺസ് കോളജ് തന്നെയാണ് നിലവിലെ സ്ഥിതിയിൽ ചാമ്പ്യൻപട്ടത്തിലേക്ക് അടുത്ത് നിൽക്കുന്നതെങ്കിലും ആവേശക്കളത്തിൽ മത്സരം ഇഞ്ചോടിഞ്ച് ആകാൻ ഇനിയും സമയം ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

