കൊല്ലം കോർപറേഷനിൽ കോടികൾ വിലവരുന്ന ടാബുകൾ നശിച്ചനിലയിൽ
text_fieldsകൊല്ലം കോർപറേഷനിൽ അടച്ചിട്ട മുറിയിൽ നിന്നും കണ്ടെത്തിയ ടാബുകൾ മേയർ എ.കെ.ഹഫീസിന്റെ നേതൃത്വത്തിൻ പരിശോധിക്കുന്നു
കൊല്ലം: കോർപറേഷന്റെ ഫീഡിങ് റൂമിൽ കോടികൾ വിലവരുന്ന ടാബുകളും പി.പി കിറ്റുകളും നശിച്ച് ഉപേക്ഷിക്കപെട്ട നിലയിൽ. മൂന്ന് പതിറ്റാണ്ട് ഇടതുപക്ഷ ഭരണത്തിൻ കീഴിലിരുന്ന കോർപ്പറേഷനിലാണ് 15 വർഷം മുമ്പെങ്കിലും വാങ്ങിയതെന്ന് കരുതുന്ന 165 ടാബുകൾ എലികരണ്ടും വെള്ളം വീണും നശിച്ച നിലയിൽ കണ്ടെത്തിയത്. കവറുപോലും പൊട്ടിക്കാത്ത ഒരുതവണപോലും ഉപയോഗിച്ചിട്ടു പോലുമില്ലാത്ത ടാബുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഫീഡിംങ് റൂമെന്ന പേരിൽ അടച്ചിട്ടിരുന്ന മുറിയിൽ മാലിന്യം നിറഞ്ഞ് കിടന്നത് ശ്രദ്ധയിൽ പെട്ട മേയർ എ.കെ.ഹഫീസ് അത് വൃത്തിയാക്കാൻ ജീവനക്കാരെ ചുമതലപെടുത്തിയപ്പോഴാണ് കോടികൾ വിലവരുന്ന ടാബുകൾ കണ്ടെത്തിയത്.
2011ൽ നിർമിച്ചതെന്ന് കരുതുന്ന ബാംഗ്ലൂരിലെ ഭാരത് ഇലക്ട്രോണിക്സിന്റെ ആൻഡ്രോയിഡ് ആദ്യ വേർഷൻ ടാബുകളാണ് ഇവ. അതിൽ രേഖപെടുത്തിയിരിക്കുന്നതനുസരിച്ച് അന്ന് 30000 മുതൽ 40000 വരെ വിലവരുമെന്ന് മേയർ പറഞ്ഞു. ടാബുകൾ ഉപേക്ഷിച്ചത് ശരിയായില്ലന്നും അന്നത് പഠിക്കാൻ നൽകിയിരുന്നെങ്കിൽ എത്രയോ വിദ്യാർഥികൾക്ക് ഉപകാരപെടുമായിരുന്നു എന്നും മേയർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്രയും കാലം കോർപറേഷന്റെ ഭരണം കൈയാളിയിരുന്നവർക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാവില്ലന്നും അദ്ദേഹം കൂട്ടിചേർത്തു. രേഖകൾ പരിശോധിച്ച അന്വേഷണം നടത്താൻ കോർപ്പറേഷൻ സെക്രട്ടറിയെ ചുമതലപെടുത്തിയതായും അദ്ദേഹം പറഞ്ഞു. ടാബുകൾ കൂടാതെ 3000ത്തോളം പി.പി കിറ്റുകളും ഉപയോഗ്യശൂന്യമായ നിലയിൽ കണ്ടെത്തി. കോവിഡ് കാലത്ത് വാങ്ങികൂട്ടിയതെന്ന് കരുതുന്ന കിറ്റുകളുടെ എക്സ്പെറി ഡേറ്റും കഴിഞ്ഞതാണ്. നിരവധി ഫർണിച്ചറുകളും ഉപയോഗമില്ലാതെ വാരിവലിച്ചിട്ടനിലയിൽ കണ്ടെത്തി.
കിട്ടിയത് ആകാശ് ടാബ്ലറ്റോ?
കൊല്ലം: കൊട്ടിഘോഷത്തോടെ വന്ന് ചീറ്റിപോയ ആകാശ് ടാബാണോ കോർപറേഷനിൽ കെട്ടികിടന്നതെന്ന് സംശയം. ഇന്ത്യൻ സർക്കാർ 2011-ൽ പുറത്തിറക്കിയ പ്രസിദ്ധവും വിലകുറഞ്ഞതുമായ ആൻഡ്രോയിഡ് ടാബ്ലെറ്റായിരുന്നു ആകാശ് (യുബിസ്ലേറ്റ്). തുടക്കത്തിൽ 2,999 രൂപ മുതൽ 3,549 രൂപ വരെ വിലയുണ്ടായിരുന്ന ഇതിൽ 7 ഇഞ്ച് സ്ക്രീൻ, 256 എംബി റാം, ആൻഡ്രോയിഡ് 2.2 എന്നിവ ഉണ്ടായിരുന്നു. ഭാരത് ഇലക്ട്രോണിക്സ് തന്നെയായിരുന്നു അതിന്റെയും നിർമാതാക്കൾ. കുറഞ്ഞ പ്രോസസിങ് വേഗതക്കും മറ്റും വ്യാപക വിമർശനം നേരിട്ടതിനെത്തുടർന്ന് പദ്ധതി നിർത്തലാക്കുകയായിരുന്നു. എന്നാൽ ഇന്നലെ കോർപറേഷനിൽ കണ്ടെത്തിയ ടാബുകളിലെവിടെയും പക്ഷെ ആകാശ് എന്ന് രേഖപെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

