കൊല്ലം കോർപറേഷൻ പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട്; കൗൺസിൽ തീരുമാനങ്ങൾക്ക് പുല്ലുവില
text_fieldsകൊല്ലം: കൊല്ലം കോർപറേഷനിലെ ക്രമക്കേടുകളുടെയും അലംഭാവത്തിന്റെയും കണക്കുകൾ എണ്ണിയെണ്ണി പറയുകയാണ് പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട്. കൊല്ലം മേഖല പെർഫോമൻസ് ഓഡിറ്റ് വിഭാഗം നടത്തിയ 2021-22 സാമ്പത്തികവർഷത്തിലെ രണ്ടാംഘട്ട പെർഫോമൻസ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ സംബന്ധിച്ച് വിവരങ്ങളുള്ളത്. സ്വയംതൊഴിൽ പദ്ധതിയിൽ നിർവഹണ ഉദ്യോഗസ്ഥന്റെ വീഴ്ചയിൽ വിശദ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടിരിക്കുകയാണ്. പ്ലാസ്റ്റിക് വസ്തുക്കൾ കഴുകി ഉണക്കുന്ന മെഷീൻ വാങ്ങിയതിലാണ് കൗൺസിൽ തീരുമാനം മറികടന്ന് പണം നൽകിയത്. 2,80,000 രൂപയുടെ ടെൻഡറാണ് പദ്ധതിക്ക് അനുവദിച്ചത്. എന്നാൽ, കൗൺസിൽ യോഗം മെഷീൻ പ്രവർത്തനക്ഷമമാകുന്നതുവരെ 75 ശതമാനം തുക മാത്രമേ നൽകാവൂയെന്ന് തീരുമാനിച്ചിരുന്നു. ഇത് അവഗണിച്ച ഉദ്യോഗസ്ഥന്റേത് ഗുരുതര ക്രമക്കേടാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കോർപറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ള വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി വ്യവസായ വികസന ഓഫിസർ നിർവഹണ ഉദ്യോഗസ്ഥനായി 2021-22 സാമ്പത്തികവർഷം നടപ്പാക്കിയ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഗുരുതര ക്രമക്കേട് നടന്നതായാണ് റിപ്പോർട്ടിൽ പരാമർശം ഉള്ളത്. യൂനിറ്റ് ഒന്നിന് 30,000 രൂപയാണ് പദ്ധതിപ്രകാരം നിശ്ചയിച്ചത്. ഇതിൽ 22,500 രൂപ കോർപറേഷൻ സബ്സിഡിയും 3000 രൂപ ഗുണഭോക്തൃവിഹിതവും 4500 രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയുമാണ്.
250 ഗുണഭോക്താക്കൾക്കായി 75 ലക്ഷം രൂപ വകയിരുത്തുകയും 56,25,000 രൂപ ചെലവഴിക്കുകയും ചെയ്തു. എന്നാൽ പദ്ധതി നടപ്പാക്കിയതിലും തുക വിനിയോഗിച്ചതിലും ക്രമക്കേടുണ്ടായി എന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രോജക്ട് ലക്ഷ്യം കണ്ടോ എന്ന് നിർവഹണ ഉദ്യോഗസ്ഥൻ പരിശോധിച്ചില്ല. ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുന്നതിന് മുമ്പാണ് ബാങ്കിന് തുക കൈമാറിയത്. 135 പേരുടെ ഗുണഭോക്തൃ ലിസ്റ്റ് ഫയലിൽ ഉള്ളപ്പോൾ 138 പേർക്ക് ലോൺ നൽകിയെന്നും അഞ്ച് പേരുടേത് പെൻഡിങ്ങിൽ ആണെന്നും രേഖകൾ പറയുന്നു. കോർപറേഷൻ നൽകിയ 250 പേർക്കുള്ള പണത്തിൽനിന്നും 107 പേരുടെ വിഹിതം ബാങ്ക് തിരികെ നൽകിയിട്ടുണ്ട്. എന്നാൽ 2021-22 കാലത്ത് പൂർത്തീകരിച്ച പ്രോജക്ടിന്റെ ബാക്കി തുക 2023 ജനുവരിയിലാണ് ലഭിച്ചത്. വൈകലിന് കാരണം നിർവഹണ ഉദ്യോഗസ്ഥൻ വിശദീകരിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ഗുണഭോക്താക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭൂരിപക്ഷം പേരും തയ്യൽ മെഷീനുകൾ ആണ് വാങ്ങിയതെന്നും എല്ലാവർക്കും ഒരേ സ്ഥാപനത്തിൽ നിന്നാണ് ഇവ വിതരണം ചെയ്തതെന്നും വ്യക്തമായി. ഇക്കാര്യത്തിലാണ് വിശദ അന്വേഷണത്തിന് ഓഡിറ്റ് വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഗുണഭോക്തൃപട്ടികയിലില്ലാത്തവർ പദ്ധതികളിൽ ഇടംപിടിക്കുന്ന മറിമായവുമുണ്ട്. മണ്ണില്ലാ പച്ചക്കറികൃഷി പദ്ധതിയിൽ കോർപറേഷൻ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഇല്ലാത്തയാൾ ഉൾപ്പെട്ടതായി കണ്ടെത്തി.
ശക്തികുളങ്ങര സോണലിൽ കിണർ കുഴിക്കുന്നതിന് നൽകിയ പദ്ധതിയിൽ ചില ഗുണഭോക്താക്കൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും പമ്പ് സെറ്റ് സ്ഥാപിച്ചതിന് സബ്സിഡി അനുവദിച്ചത് പട്ടികയിലും ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്തവർ ഉണ്ട് എന്നുമാണ് റിപ്പോർട്ടിലുള്ളത്. അർഹത മാനദണ്ഡമാക്കിയാണോ ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയതെന്നതും സംശയിക്കണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ഇരവിപുരം പി.എച്ച്.സിയിൽ കോവിഡ് കാലത്ത് സാധനസാമിഗ്രകൾ വാങ്ങിയ ഇനത്തിൽ 60,445 രൂപ ചെലവഴിച്ചതിന്റെ കണക്കിൽ വ്യക്തതയില്ല. ഡയപർ, നാപ്കിൻ വെൻഡർ ഉപകരണം വാങ്ങി തങ്കശ്ശേരിയിൽ സ്ഥാപിച്ചതിലും ഗുരുതര വീഴ്ചയുണ്ടായെന്ന്റിപ്പോർട്ടിൽ പറയുന്നു.
കടപ്പാക്കട മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിന് സമീപം സ്ഥാപിച്ച ഓർഗാനിക് ഷ്രെഡിങ് യൂനിറ്റ് ഉപയോഗയോഗ്യമല്ലാതായതിലും കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. വിവിധ പദ്ധതികൾക്ക് അനുവദിച്ച പണം നിർജീവ ആസ്തികൾ സൃഷ്ടിക്കുന്നതിനാണ് വിനിയോഗിച്ചതെന്നും എത്രയും വേഗം യന്ത്രം പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരപ്രദേശത്തെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്ക് ഊർജം പകരുമായിരുന്ന റിങ് കംപോസ്റ്റ് പദ്ധതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും നിർവഹണ ഏജൻസിയുമായി കരാർ ഏർപ്പെടാനും സമയബന്ധിതമായ നടപടികൾ സ്വീകരിക്കാതെ തികഞ്ഞ അലംഭാവമാണ് നഗരസഭ പുലർത്തിയതെന്നും റിപ്പോർട്ടിലുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും നഗരപ്രദേശത്തെ മാലിന്യനിർമാജനം ലക്ഷ്യം കാണാതെ പോകുന്നത് കൃത്യമായ ആസൂത്രണില്ലായ്മയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

