കൊല്ലം നഗരത്തിന് ദാഹിക്കുന്നു; കുടിവെള്ള പ്രതിസന്ധി രൂക്ഷം
text_fieldsകൊല്ലം: ഒരിറ്റ് വെള്ളം കിട്ടുന്നതിനായി ജനം വലയുമ്പോൾ അത്യാവശ്യക്കാർക്ക് വെള്ളമെത്തിക്കാനുള്ള നെട്ടോട്ടത്തിൽ കോർപറേഷൻ മേഖലയിൽ ടാങ്കറുകൾ ഓടിത്തളരുന്നു. വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷനിൽ വെള്ളം എത്താത്തതും എത്തുന്നത് മതിയാകാത്തതും കൂടാതെ, വാട്ടർ കണക്ഷനില്ലാത്ത മേഖലകളിൽ വറ്റിവരണ്ട കിണറുകളും കൂടി ആയതോടെയാണ് ഈ വേനലിൽ കൊല്ലം നഗരം ദാഹിച്ചുവലയുന്നത്.
പുലർച്ചെ മുതൽ ഒന്നിനുപിറകെ ഒന്നായി വെള്ളവുമായി ടാങ്കറുകളും ലോറികളും ഓടി എത്തി കൊല്ലം നഗരത്തിന്റെ മുക്കിലും മൂലയിലും മതിയായ രീതിയിൽ കുടിവെള്ളം എത്തിക്കാനുള്ള കോർപറേഷൻ ശ്രമം പോലും വൻ വെല്ലുവിളി നേരിടുകയാണ്. വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയാത്ത പല മേഖലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാണെന്നതും വെല്ലുവിളിയാണ്. ദിനംപ്രതി 35-40 ലോഡ് വെള്ളമാണ് നഗരത്തിൽ കോർപറേഷൻ ഇപ്പോൾ വിതരണം ചെയ്യുന്നത്. എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിയുന്നു എന്ന് കോർപറേഷൻ അധികൃതർ ആശ്വസിക്കുമ്പോഴും വരുംദിനങ്ങളിൽ കാത്തിരിക്കുന്ന വെല്ലുവിളി കഠിനമാകും എന്നും അവർ കൂട്ടിച്ചേർക്കുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനായിരക്കണക്കിന് കുടിവെള്ള കണക്ഷനുകൾ നഗരത്തിൽ കൊടുത്തിട്ടുണ്ട്.
എന്നാൽ, ശാസ്താംകോട്ട തടാകത്തിൽ നിന്നുള്ള വെള്ളം വിവിധ ടാങ്കുകളിൽ എത്തിച്ച് പമ്പ് ചെയ്യുമ്പോൾ, വെള്ളം എടുക്കുന്നവരുടെ എണ്ണം കൂടിയത് കാരണം വെള്ളം വരുന്നതിന്റെ വേഗം കുറയുകയും പല സ്ഥലങ്ങളിലും എത്താത്ത സ്ഥിതിയിലുമാണ്. പൈപ്പുകൾ യഥാസമയം അറ്റകുറ്റപണി നടത്താത്തതും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉപഭോക്താക്കൾ വിളിച്ചാൽ ഫോൺ എടുക്കാത്ത സ്ഥിതിയാണ്. കോർപറേഷൻ സ്ഥിരിംസമിതി അധ്യക്ഷരും കൗൺസിലർമാരും ഉൾപ്പെടെ ഈ പരാതി ഉയർത്തുന്നുണ്ട്.
പൈപ്പ് വെള്ളം കിട്ടാതാകുകയും കിണറുകൾ വറ്റിവരളുകയും ചെയ്ത മേഖലകളിൽ അഞ്ച് വലിയ വാഹനങ്ങളും നാല് ചെറിയ വാഹനങ്ങളും ഉപയോഗിച്ചാണ് കോർപറേഷൻ കുടിവെള്ള വിതരണം നടത്തുന്നത്. വലിയ വണ്ടികളിൽ മാത്രം 33000 ലിറ്റർ വരെ വെള്ളമാണ് ഓരോ ദിവസവും എത്തിക്കുന്നത്. അറുനൂറ്റിമംഗലം പോലുള്ള ഡിവിഷനുകളിൽ മൂന്ന് ലോഡുകൾ വരെയായി 12000-13500 ലിറ്റർ വെള്ളമാണ് എത്തിക്കേണ്ടിവരുന്നത്. ഇത് പോലും മതിയാകുന്നില്ല എന്നാണ് ഡിവിഷൻ കൗൺസിലർ കൗൺസിൽ യോഗത്തിൽ പോലും പറഞ്ഞത്. ചെറിയ വാഹനങ്ങൾ പോലും കടന്നെത്താൻ കഴിയാത്തയിടങ്ങളിൽ വെള്ളം എത്തിക്കുന്നതാണ് ഇപ്പോൾ വലിയ പ്രതിസന്ധിയായി ഉള്ളതെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എ. സദക്കത്ത് പറയുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ നഗരത്തിൽ അത്യാവശ്യ സ്ഥലങ്ങളിൽ കുഴൽകിണറുകൾ സ്ഥാപിക്കാനുള്ള സർവേ നടപടികൾ തുടങ്ങിയതായി മേയർ എ.കെ.ഹഫീസ് പറഞ്ഞു.
വെള്ളം വിതരണത്തിന്റെ പ്രധാന ചുമതല വാട്ടർ അതോറിറ്റിക്കായിരിക്കെ, പരാതിയോ പ്രതിഷേധമോ ഉയർത്തി സമയം കളയാതെ ആവശ്യക്കാർക്ക് വെള്ളം എത്തിക്കാനുള്ള ശ്രമമാണ് കോർപറേഷൻ ഇപ്പോൾ നടത്തുന്നതെന്നും പരാതിരഹിതമായി ഇത്‍വരെ എത്തിക്കാൻ കഴിഞ്ഞതായും മേയർ കൂട്ടിച്ചേർത്തു.
നഗരസഭയുടെ കുടിനീർ കേന്ദ്രങ്ങൾ നശിച്ചു; ദാഹജലത്തിന് കുപ്പിവെള്ളം ആശ്രയം
പുനലൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിൽ പട്ടണത്തിൽ എത്തുന്നവർ ദാഹമകറ്റാൻ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേട്. ദാഹജലം നൽകാൻ നഗരസഭ ലക്ഷങ്ങൾ മുടക്കി മുമ്പ് സ്ഥാപിച്ച കുടിനീർ കേന്ദ്രങ്ങളെല്ലാം (വാട്ടർ കിയോസ്ക്) തുരുമ്പെടുത്ത് നശിച്ചു. മുൻവർഷങ്ങളിൽ വേനൽക്കാലത്തിന് മുന്നോടിയായി കുടിനീർ കേന്ദ്രങ്ങൾ അറ്റകുറ്റപ്പണി ചെയ്തു താൽക്കാലികമായി വെള്ളം നൽകിയിരുന്നെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ഇതുകാരണം യാത്രക്കാരായി എത്തുന്നവരും പട്ടണത്തിലെ ഓട്ടോ-ടാക്സി-കയറ്റിറക്ക് തൊഴിലാളികൾ ഉൾപ്പെടെ ദുരിതത്തിലാണ്. പട്ടണത്തിലെത്തുന്നവർക്ക് കുടിക്കാൻ ശുദ്ധജലം ഒരുക്കുകയെന്ന മാനുഷിക പരിഗണന കാണിക്കാൻ നൂറു കോടിയോളം രൂപ വാർഷിക ബജറ്റുള്ള നഗരസഭ തയാറായിട്ടില്ല.
പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് കുടിനീർ കേന്ദ്രങ്ങൾ വൻതുക മുടക്കി മുമ്പ് സ്ഥാപിച്ചത്. ഇതിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഒഴികെ ബാക്കിയെല്ലാം നശിച്ചു. വെള്ളം ശേഖരിക്കാൻ പ്ലാസ്റ്റിക് ടാങ്ക് ഉൾപ്പെടെ സംവിധാനം ഉണ്ട്. പൈപ്പ് വെള്ളം ഫിൽറ്റർ ചെയ്ത് ചെറിയ തണുപ്പാക്കിയാണ് കേന്ദ്രത്തിലൂടെ ലഭിച്ചിരുന്നത്. ഓരോ കിയോസ്കിലും മൂന്നു വശത്തും ടാപ്പുകളും കുടിക്കാനുള്ള സ്റ്റീൽ ഗ്ലാസ് ഉൾപ്പെടെ സംവിധാനവും ഉണ്ടായിരുന്നു. എന്നാൽ പ്രവർത്തനമില്ലാതായതോടെ ഇവയെല്ലാം തുരുമ്പെടുത്ത് നശിച്ചു. ഉള്ളിലുണ്ടായിരുന്ന പല സാധനങ്ങളും മോഷണം പോകുകയും ചെയ്തു. ടി.ബി ജങ്ഷനിലെ കിയോസ്ക് മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്ക് കുടിവെള്ളമെടുക്കാൻ വലിയ അനുഗ്രഹമായിരുന്നു. നഗരസഭ കാര്യാലയത്തോട് ചേർന്നുള്ള കിയോസ്ക് പോലും നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

