കൊല്ലം ബീച്ച് വികസനം ഡി.പി.ആറിൽ ഒതുങ്ങി
text_fieldsകൊല്ലം ബീച്ച്
കൊല്ലം: നഗരത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നതും ഏറ്റവും അപകടം പിടിച്ചതുമായ കൊല്ലം ബീച്ചിന്റെ വികസനം ഡി.പി.ആറിൽ (വിശദ പദ്ധതി രേഖ) ഒതുക്കി കോർപറേഷൻ. തീരദേശ വികസന കോർപറേഷനുമായി ഡി.പി.ആർ തയാറാക്കാൻ കരാർവെച്ചത് മുതൽ തുടങ്ങിയ അലംഭാവത്തിന് പരിഹാരമായില്ല.
ഡി.പി.ആർ തയാറാക്കാൻ മാത്രം ധനകാര്യ കമീഷൻ ഗ്രാൻഡിൽനിന്ന് 14.25 ലക്ഷം രൂപയാണ് തീരദേശ വികസന കോർപറേഷന് കൊല്ലം കോർപറേഷൻ നൽകിയത്. 2021-22ലാണ് ആദ്യമായി തുക നൽകിയത്. തുടർന്ന് 2022-23ലും പണം നൽകി. എന്നാൽ, പ്രാരംഭ നടപടിപോലും നടക്കാതെ പദ്ധതി നീണ്ടുപോയി.
ബീച്ച് വികസനത്തിന് കലക്ടർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തിനാണ് തീരദേശ വികസന കോർപറേഷൻ പദ്ധതി ഡി.പി.ആർ തയാറാക്കാൻ 15 ലക്ഷം രൂപ പ്രാഥമിക ചെലവ് ഇനത്തിൽ ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് കോർപറേഷൻ 15 ലക്ഷം വകയിരുത്തിയത്. കരാർ പ്രകാരം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ഡി.പി.ആർ വർഷം രണ്ട് അടുത്തിട്ടും തയാറാക്കി നൽകിയില്ല.
ഡി.പി.ആർ തയാറാക്കി നൽകുമ്പോൾ കൊടുക്കേണ്ട അഞ്ച് ശതമാനം തുക മാത്രമായിരുന്നു അപ്പോൾ കൈമാറാൻ ഉണ്ടായിരുന്നത്. ഫയലിൽ ഉറങ്ങുന്ന പദ്ധതി സംബന്ധിച്ച കടുത്തവിമർശനം ലോക്കൽ ഫണ്ട് ഓഡിറ്റിൽ ഉൾപ്പെടെയുണ്ട്.
ഓഡിറ്റ് അന്വേഷണങ്ങളിൽ തീരദേശ വികസന കോർപറേഷൻ ഡി.പി.ആർ സമർപ്പിച്ചതായാണ് ആദ്യം അവകാശപ്പെട്ടത്. ഐ.ഐ.ടി മദ്രാസ് സമർപ്പിച്ച പഠനറിപ്പോർട്ടിനെയാണ് ഇത്തരത്തിൽ ചിത്രീകരിച്ചത്. എന്നാൽ, ബീച്ച് വികസനത്തിനായുള്ള വിശദ പദ്ധതി രൂപരേഖ കോർപറേഷനിൽ എത്തിയിട്ടേയില്ല എന്ന് ഓഡിറ്റിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതോടെയാണ് 2023ൽ 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഡി.പി.ആർ സമർപ്പിച്ചത്.
ആ വർഷം മാർച്ചിൽ തന്നെ കൗൺസിൽ അംഗീകാരവും നൽകിയിരുന്നു. ഭരണാനുമതി തേടി പിന്നെയും മാസങ്ങൾ എടുത്താണ് സർക്കാറിന് കത്തയച്ചത്. എന്നാൽ, കോർപറേഷൻ അപേക്ഷയിൽ ഉൾപ്പെടുത്തിയ ഡി.പി.ആറിൽ ആവശ്യമായ എസ്റ്റിമേറ്റ് പോലും ഇല്ലെന്ന് നഗരകാര്യ ജോയന്റ് ഡയറക്ടറുടെ ഓഫിസിൽനിന്ന് നിരവധി തവണ കോർപറേഷൻ അധികൃതരെ അറിയിച്ചിട്ടും അലംഭാവം തുടർന്നു. 2024 ജൂലൈയിൽ മാത്രമാണ് കൊല്ലം കോർപറേഷനിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തീരദേശ വികസന കോർപറേഷനിലേക്ക് പോയത്. കൊല്ലം കോർപറേഷൻ ഉദ്യോഗസ്ഥർക്ക് തന്നെ പരിശോധിച്ച് കണ്ടെത്താമായിരുന്ന പിഴവാണ് മുകളിൽനിന്ന് ചൂണ്ടിക്കാണിച്ചിട്ടുപോലും നടപടി എടുക്കാതെ പൂഴ്ത്തിവച്ചത്.
അടിയന്തര പ്രാധാന്യം മനസിലാക്കി സാങ്കേതിക അനുമതി നേടിയെടുക്കുന്നതിൽ വലിയ വീഴ്ചയാണ് കോർപറേഷനിൽനിന്ന് ഉണ്ടായത്. ആ അലംഭാവം തുടരവെ, വികസനമെത്താത്ത കൊല്ലം ബീച്ചിന്റെ ദുസ്ഥിതിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

