ചെസിൽ പുതുചരിത്രമാകാൻ കൊടുങ്ങല്ലൂരിന്റെ കല്യാണി സിരിൻ
text_fieldsകൊടുങ്ങല്ലൂർ: ചെസ് ബോർഡിൽ പുതുചരിത്രമാകാൻ കൊടുങ്ങല്ലൂരിന്റെ കല്യാണി സിരിൻ. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പുറത്തുവിട്ട സെപ്റ്റംബറിലെ റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ താരങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ഈ കൗമാര പ്രതിഭ ആറാം സ്ഥാനത്താണ്.
ഒരു മലയാളി വനിതാ താരം ആദ്യമായി ദേശീയ ചെസ് റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടുന്നുവെന്ന അപൂർവ നേട്ടമാണ് കല്യാണി സ്വന്തമാക്കിയത്. ഫിഡെ റേറ്റിങ്ങിൽ 2401 പോയന്റ് നേടി. ഇതോടെ 2400 റേറ്റിങ് പോയന്റ് മറികടക്കുന്ന ആദ്യ മലയാളി വനിതാ ചെസ് താരമെന്ന ചരിത്രനേട്ടവും ഈ താരത്തിന്റെ പേരിലായി.
അന്താരാഷ്ട്ര ഓപൺ ചെസ് ടൂർണമെന്റുകളിലെ ഉജ്ജ്വല പ്രകടനത്തോടെയാണ് കല്യാണി ആദ്യ വനിതാ ഗ്രാൻഡ് മാസ്റ്റർ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷനൽ മാസ്റ്റർ പദവി നേടിയിരുന്നു. 2023ൽ കേരള വനിത ചാമ്പ്യനായിരുന്നു. കേരള സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരത്തിനും അർഹയായിട്ടുണ്ട്. ടീം ചാമ്പ്യൻഷിപ്പുകളിൽ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കല്യാണി 2025ലെ ദേശീയ ടീം ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു. ഗ്രാൻഡ്മാസ്റ്റർ ജി.എ. സ്റ്റാനി ആണ് പരിശീലകൻ. പത്താം വയസ്സിൽ കേരള സ്കൂൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയതോടെ ചെസിൽ കല്യാണിയുടെ പ്രതിഭ തിളക്കം ശ്രദ്ധിക്കപ്പെട്ടത്.
അന്തർദേശീയ വേദികളിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ്. ചെസിന് കൂടുതൽ സമയം കണ്ടെത്തുന്നതിനായി നാഷനൽ ഓപൺ സ്കൂളിൽ പത്താം ക്ലാസ് പഠനം നടത്തുകയാണ് കല്യാണി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് നയ്ക്കുളം വട്ടപ്പറമ്പിൽ കുടുംബാംഗമാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ ജീവനക്കാരനായ സിരിന്റെയും കുഴൂർ ജി.എച്ച്.എസ്.എസ് അധ്യാപിക ധന്യയുടെയും മകളാണ്. ഗോപികയാണ് സഹോദരി. അന്തരിച്ച മുൻ മന്ത്രി വി.കെ. രാജന്റെ സഹോദരനും കൊടുങ്ങല്ലൂർ നഗരസഭ ചെയർമാനുമായിരുന്ന വി.കെ. ഗോപിയുടെ പൗത്രിയാണ് കല്യാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

