സംസ്ഥാന കേരളോത്സവം കായിക മേള: പാലക്കാടിന് കിരീടം
text_fieldsകൊല്ലത്ത് നടന്ന സംസ്ഥാന കേരളോത്സവ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ടീം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കൊല്ലം: കായികപ്രതിഭകളുടെ സ്വന്തം മണ്ണിന് സംസ്ഥാന കേരളോത്സവത്തിൽ കായികകിരീടം. കൊല്ലത്ത് സമാപിച്ച കേരളോത്സവം കായികമേളയിൽ എതിരാളികളെ കാതങ്ങളോളം പിന്നിലാക്കിയാണ് പാലക്കാട് കിരീടവുമായി മടങ്ങിയത്. 243 പോയന്റുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. കലാ വിഭാഗത്തിലെ 268 പോയന്റ് കൂടിചേർത്ത് 511 പോയന്റാണ് ജില്ല നേടിയത്. കളിക്കളത്തിലെ മുന്നേറ്റത്തിലൂടെ ഓവറോൾ പട്ടവും പാലക്കാട് സ്വന്തമാക്കി.
സംസ്ഥാന കേരളോത്സവ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനക്കാരായ കോഴിക്കോട് ടീം മന്ത്രി പി.എ. മുഹമ്മദ് റിയാസിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
അവസാന ദിവസം കളത്തിൽ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തി.149 പോയന്റ് നേടിയ കോഴിക്കോട്, ഓവറോൾ പോയന്റ് നിലയിൽ 507 പോയിന്റുമായി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും നേടി. കായിക മേളയിൽ136 പോയന്റുമായി കണ്ണൂർ മൂന്നാം സ്ഥാനം നേടി. കണ്ണൂരിന് ഓവറോൾ 501 പോയന്റുണ്ട്.
തിരുവനന്തപുരം 131 പോയന്റ് നേട്ടവുമായി നാലാം സ്ഥാനവും തൃശൂർ 113 പോയന്റു മായി അഞ്ചാം സ്ഥാനവും നേടി.ആറാം സ്ഥാനം നേടിയ മലപ്പുറം (107) ആണ് പോയന്റ് പട്ടികയിൽ 100 പിന്നിട്ട അവസാനത്തെ ജില്ല. കോട്ടയം(82), ആലപ്പുഴ (79), കാസർകോട്(39), കൊല്ലം (38), എറണാകുളം(33), വയനാട് (24), ഇടുക്കി (21), പത്തനംതിട്ട(11) എന്നിങ്ങനെ ആണ് മറ്റു ജില്ലകളുടെ പോയന്റ് നില.
കബഡിയിൽ കോഴിക്കോടും പാലക്കാടും
കൊല്ലം: കബഡിക്കളത്തിൽ ആധിപത്യം പുലർത്തിയ പാലക്കാടിനും കോഴിക്കോടിനും സ്വർണത്തിളക്കം. പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലും ഫൈനൽ പോരാട്ടങ്ങളിൽ കോഴിക്കോടും പാലക്കാടുമാണ് നേർക്കുനേർ വന്നത്. വനിതകളിൽ കോഴിക്കോട് പാലക്കാടിനെ തറപറ്റിച്ചു. പുരുഷ വിഭാഗത്തിൽ ഫലം നേരെ തിരിച്ചായി. കോഴിക്കോടിനെ വീഴ്ത്തി പാലക്കാട് സ്വർണം പിടിച്ചെടുത്തു.
ഫുട്ബാളിൽ മലപ്പുറം, വോളിയിൽ കോഴിക്കോട്
കൊല്ലം: ഫുട്ബാൾ കളത്തിൽ സ്വർണം സ്വന്തമാക്കി മലപ്പുറം. വയനാടിനെയാണ് ഫൈനലിൽ മലപ്പുറം തോൽപിച്ചത്. വനിത, പുരുഷ വിഭാഗം വോളിബാളിലും കോഴിക്കോട് ജേതാക്കളായി. വയനാടിനെയാണ് കോഴിക്കോട് തറപറ്റിച്ചത്. പുരുഷ വിഭാഗം ബാസ്കറ്റ് ബാളിൽ തിരുവനന്തപുരത്തിനെ വീഴ്ത്തി ആലപ്പുഴയും വനിത വിഭാഗത്തിൽ എറണാകുളത്തിനെ തോൽപിച്ച് കോഴിക്കോടും സ്വർണം സ്വന്തമാക്കി.
ഒരുമയോടെ അവർ ആറു പേർ; കപ്പുമായി മടക്കം
കൊല്ലം: ടീം സെറ്റായില്ല, പരിശീലകരില്ല.., പകരം ഇറങ്ങാൻ ഒരാൾ മാത്രം... എന്നിട്ടും ആത്മവിശ്വാസത്തോടെ അവർ എത്തി. ഒറ്റ മനസ്സോടെ കളം നിറഞ്ഞപ്പോൾ കപ്പുമായി മടക്കം. സംസ്ഥാന കേരളോത്സവം കായികമേളയിൽ ബാസ്കറ്റ്ബാൾ കിരീടം നേടിയ കോഴിക്കോട് ടീമാണ് ഒത്തുപിടിച്ച് കപ്പടിച്ചത്. 12 അംഗ ടീമിലെ ആറു പേർ ദേശീയ ക്യാമ്പിന് പോയതിനാൽ ബാക്കിയുള്ളവരാണ് കേരളോത്സവത്തിൽ പങ്കെടുക്കാനെത്തിയത്.
അഞ്ച് പേരാണ് കളിക്കളത്തിൽ ഇറങ്ങേണ്ടത്. പരിശീലനത്തിനു ആരും ഇല്ലാതിരുന്നിട്ടും പരസ്പരം പ്രോത്സാഹിപ്പിച്ചാണ് ദേവിക പ്രജോഷ് നയിച്ച ടീം ജേതാക്കളായത്. ഫൈനലിൽ എറുണാകുളത്തെയാണ് മറികടന്നത്. ടീമംഗങ്ങളിൽ റീമ റോണാൾഡ്, അനഘ തുളസീദാസ്, ടി.വി. ശശിന, ശ്രീലക്ഷ്മി എന്നിവർ കോഴിക്കോട് പ്രോവിഡൻസ് കോളജിലെ ഡിഗ്രി വിദ്യാർഥികളാണ്. കൂട്ടത്തിൽ ശലഭയാണ് സ്കൂൾ വിദ്യാർഥി (പ്ലസ് ടു). വിജയത്തിന്റെ സന്തോഷം പങ്കുവെച്ചാണ് ടീം മടങ്ങിയത്.
യുവജന നയം ഉടൻ പ്രഖ്യാപിക്കും -മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: കേരളത്തിലെ യുവജനങ്ങളെ ക്രിയാത്മകമാക്കി മാറ്റുന്നതിനായി യുവജന നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സർഗാത്മക ഇടപെടൽ നടത്തുന്നത് സംസ്ഥാനത്തെ യുവജനങ്ങളാണ്. കല, കായികം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിലെ യുവജനങ്ങളുടെ അഭിപ്രായം അറിഞ്ഞും ആശയങ്ങൾ ഉൾക്കൊണ്ടുമാകും നയം രൂപവത്കരിക്കുക. പ്രാദേശിക കലാ-കായിക പ്രതിഭകളെ വാർത്തെടുക്കുന്ന തുടർപ്രവർത്തനമാകും കേരളോത്സവം.
ഇടവേളയ്ക്കുശേഷം യുവജനങ്ങൾക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിച്ച വലിയ വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോം, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, സെക്രട്ടറി വി.ഡി. പ്രസന്നകുമാർ, അംഗങ്ങളായ വി.കെ. സനോജ്, എം.പി. ഷെനിൻ, ഷെരീഫ് പാലൊളി, സന്തോഷ് കാല, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ വി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

