മൂന്നു മാസം: 2148 സ്ഥാപനങ്ങളില്‍ പരിശോധന; പിഴ 4,16,000 രൂപ
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: കഴിഞ്ഞ മൂന്നു മാസത്തിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ പരിശോധന നടത്തിയത് 2148 സ്ഥാപനങ്ങളില്‍. ഈ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ കണ്ടെത്തിയ പിഴവുകൾക്ക് ശിക്ഷയായി ഈടാക്കിയത് 4,16,000 രൂപയും. ജില്ലയിലാകെ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയില്‍ 399 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ആണ് ശേഖരിച്ചത്.
617 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ച് ലാബ് പരിശോധനക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസി.കമീഷണർ വ്യക്തമാക്കി. പരിശോധനയിൽ 22 സാമ്പിളുകള്‍ സുരക്ഷിതമല്ലാത്തതായും 17 സാമ്പിളുകള്‍ നിലവാരം കുറഞ്ഞതായും ഒമ്പത് സാമ്പിളുകള്‍ മിസ് ബ്രാന്‍ഡഡായും കണ്ടെത്തി.
ഇതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം 23 പ്രോസിക്യൂഷന്‍ കേസുകളും 34 അഡ്ജ്യൂഡിക്കേഷന്‍ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളിൽ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ 196 സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശത്തോടെ റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. കൂടാതെ, 57 സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടുത്തല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തിയ 122 സ്ഥാപനങ്ങള്‍ക്കാണ് പിഴ അടക്കുന്നതിന് നോട്ടീസ് നല്‍കിയത്. ഇതില്‍ 111 സ്ഥാപനങ്ങളില്‍നിന്നായാണ് 4,16,000 രൂപ പിഴ ഈടാക്കിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 23 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബിന്റെ സഹായത്തോടെ 935 സാമ്പിളുകള്‍ പരിശോധിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായും അസി.കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

