ഒരു കോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പിടിയിൽ
text_fieldsതൗസിം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ചെറുകിട കച്ചവടക്കാർക്കും മറ്റും വിൽപനക്കായി എത്തിച്ച ഒരുകോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ് പിടികൂടി. തൊടിയൂർ വേങ്ങര നംസി മൻസിലിൽ തൗസിമാണ് (30) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ച കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന 1,27,410 പാക്കറ്റ് വിവിധ ഇനം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.
പിടികൂടിയ പുകയില ഉൽപന്നങ്ങൾ
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ, ഇൻസ്പെക്ടർ വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻ, എസ്.സി.പി.ഒ അനിൽ, സി.പി.ഒമാരായ രജീഷ്, ശ്രീജിത്ത്, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

