കത്തി കാണിച്ച് വാനും പണവും തട്ടിയ കേസിലെ പ്രതി പിടിയിൽ
text_fieldsകരുനാഗപ്പള്ളി: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാരുതി വാനും പണവും തട്ടിയെടുത്ത് കടന്നയാളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. കണ്ണൂർ തലശ്ശേരി കതിരൂർ അയ്യപ്പൻ മടയിൽ റോസ് മഹൽ വീട്ടിൽ മിഷേൽ (24) ആണ് അറസ്റ്റിലായത്. ഡിസംബർ മൂന്നിന് പുലർച്ചയാണ് കരുനാഗപ്പള്ളി മാർക്കറ്റിനു സമീപം ആലുംമൂട് ജങ്ഷനു സമീപത്തായി ആലുംകടവ് സ്വദേശിയെ കഴുത്തിൽ കത്തിെവച്ച് ഭീഷണിപ്പെടുത്തി രണ്ടംഗസംഘം വാനും പണവും കവർന്നത്.
സംഭവത്തിനു ശേഷം സംഘം കേരളത്തിലുടനീളം കാറും ബൈക്കും മോഷണം നടത്തിയും പിടിച്ചുപറി നടത്തിയും കറങ്ങിനടക്കുകയായിരുന്നു. മറ്റൊരു കേസിൽ റിമാൻഡ് ചെയ്തിരുന്ന പ്രതി പെരുമ്പാവൂർ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽനിന്ന് കൂട്ടുപ്രതി വിനീതുമൊത്ത് രക്ഷപ്പെട്ട ശേഷം കാർ യാത്രക്കാരെയും മറ്റും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്തും വരുന്നതിനിടയിലാണ് കരുനാഗപ്പള്ളി പൊലീസിെൻറ പിടിയിലായത്.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിരവധി കവർച്ചകൾ സംഘം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച കാറിൽ കൊല്ലം ഭാഗത്തേക്ക് വരുന്നതായി രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ എസ്. മഞ്ജുലാലിെൻറ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്ത് കാർ തടഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ച് കന്നേറ്റി ഭാഗത്തേക്ക് പോകുന്നതിനിടെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുത്ത ഓമ്നിവാൻ കണ്ടെത്തി. എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, ജോൺസ് രാജ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ ശ്രീകാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു