കരുനാഗപ്പള്ളി: ഏറെ നാളായി വാടക കെട്ടിടങ്ങളിൽ കഴിഞ്ഞ അംഗൻവാടിക്ക് ഇനി പുതിയ കെട്ടിടം ഉയരും. അതും വാർഡ് കൗൺസിലർ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ.
നഗരസഭ ഇരുപതാം ഡിവിഷനിലെ കൗൺസിലർ ബിന്ദു അനിലാണ് സ്വന്തം ഡിവിഷനിലെ അമ്പതാം നമ്പർ അംഗൻവാടിക്കായി അഞ്ചുലക്ഷത്തോളം രൂപ വിലവരുന്ന മൂന്ന് സെൻറ് ഭൂമി സൗജന്യമായി നൽകിയത്.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അംഗൻവാടിയുടെ ശോച്യാവസ്ഥ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബിന്ദുവിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. അന്നുതന്നെ താൻ ജയിച്ചുവന്നാൽ ആദ്യം പരിഹരിക്കുക അംഗൻവാടിയുടെ പ്രശ്നമായിരിക്കുമെന്ന് ബിന്ദു വോട്ടർമാർക്ക് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്.
ആദ്യ യോഗത്തിൽ െവച്ചു തന്നെ മാതാപിതാക്കളായ വിജയെൻറയും പൊന്നമ്മയുടെയും സ്മരണക്കായി ഭൂമി ഇഷ്്ടദാനമായി നഗരസഭക്ക് വിട്ടുനൽകിയ രേഖകൾ ബിന്ദു നഗരസഭാധ്യക്ഷൻ കോട്ടയിൽ രാജുവിന് കൈമാറി. സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ശോഭന, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പടിപ്പുര ലത്തീഫ് എന്നിവർ സംസാരിച്ചു.