തട്ടുകടയിൽ അക്രമം; യുവാവ് അറസ്റ്റിൽ
text_fieldsസജിന്‍
കരുനാഗപ്പള്ളി: ആലുംമുട് ജങ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി പട. വടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ സജിന്‍(26) ആണ് പിടിയിലായത്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൊടിയൂര്‍ സ്വദേശികളായ യുവാക്കളെ സജിനും സംഘവും കമ്പിപ്പാര ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു. പ്രതികളായ പട. വടക്ക് ശ്രീലകത്തില്‍ പ്രഭാത് (27), പട. വടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ ബ്രിട്ടോ എന്ന മുഹമ്മദ് സലില്‍ (30) എന്നിവരെ മുമ്പ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയിരുന്നു.
മുഖ്യ പ്രതി സജിനു വേണ്ടി അന്തർ സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിവരവെ കഴിഞ്ഞ ദിവസം പുനലൂരില്‍ നിന്നും വലയിലാവുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ മോഹിത്ത്, എസ്.ഐമാരായ ജിഷ്ണു, ഷിജു, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാര്‍, സി.പി.ഒ നൗഫന്‍ജന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

