അശാസ്ത്രീയ നിയന്ത്രണങ്ങൾ; താളംതെറ്റി തൊഴിലുറപ്പ് പദ്ധതി
text_fieldsതഴവ മേഖലയിൽ തൊഴിലുറപ്പിലേർപ്പെട്ടിരിക്കുന്ന
തൊഴിലാളികൾ
കരുനാഗപ്പള്ളി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങൾ തൊഴിലാളികളെ കാഴ്ചചക്കാരാക്കുന്നു. 2005ൽ നിലവിൽ വന്ന പദ്ധതിയിൽ കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തൽ, ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രധാനലക്ഷ്യമായി പറയുന്നത്.
എന്നാൽ, മേഖലയിൽ പിന്നീട് വിവിധ നവീകരണങ്ങൾ വന്നതോടെ ഇപ്പോൾ കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാഴ്ചക്കാരായി മാത്രം മാറിയ അവസ്ഥയാണ്. കൃഷിക്കായി തെരഞ്ഞെടുക്കുന്ന സ്ഥലം കിളച്ച് പാകപ്പെടുത്തി എടുക്കുന്നതോടെ നിയമാനുസൃതം തൊഴിലാളിയുടെ ഊഴം കഴിയുമെന്നതാണ് നിലവിലെ വിചിത്രമായ വ്യവസ്ഥ.
വിതയ്ക്കൽ, ഇടകിളക്കൽ, വളമിടീൽ, വിളവെടുപ്പ് എന്നീ പ്രവൃത്തികളെ മസ്ട്രോളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് തൊഴിലുറപ്പിലെ കർശനമായ വ്യവസ്ഥ. ഇതോടെ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് കൂട്ടായോ, ഗ്രൂപ്പുകളായി തിരിഞ്ഞോ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി നടത്തി വിഭവ അടിത്തറ ശക്തിപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.
സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയമായ കുലശേഖരപുരം പഞ്ചായത്തിലെ ഓണാട്ടുകര എള്ള്, നെല്ല്, പട്ട് ചീര, തഴവ പാവുമ്പയിലെ കരകൃഷികൾ എന്നിവയുടെ ഉൽപാദനത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാൽപോലും കാർഷിക മേഖലയിൽ വൻ വളർച്ച നേടാൻ ഈ പ്രദേശങ്ങൾക്ക് കഴിയും. കൂടാതെ തൊഴിലാളികൾക്ക് നിലവിൽ കിട്ടുന്ന വേതനത്തിന് പുറമേ വിഭവ വിൽപനയിലൂടെ ലാഭം നേടാനും അവസരം ഒരുങ്ങും.
ഒരു പഞ്ചായത്ത് വാർഡിൽ 60 മുതൽ 100 വരെ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇവരെ നാല് വരെ ഗ്രൂപ്പുകളായി തിരിച്ച് കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ പരിശീലനം നൽകാനും, അത്യുൽപാദന ശേഷിയുള്ള വിത്തുകൾ കണ്ടെത്തി നൽകുന്നതിനും നടപടികൾ സ്വീകരിച്ചാൽ തന്നെ പദ്ധതി പ്രവർത്തനത്തെ കാര്യക്ഷമമാക്കാമെന്നിരിക്കെ അശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ തൊഴിലാളികളെ പരിഹസിക്കാനാണ് നിലവിൽ അധികൃതർ ശ്രമിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.