കടയുടമയെയും ഭാര്യയെയും മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsപ്രവീൺ, ശ്രീക്കുട്ടൻ
കരുനാഗപ്പള്ളി: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മർദിച്ച് പരിക്കേൽപിച്ചവർ പിടിയിൽ. പത്തനംതിട്ട പ്രമാടം, വി. കോട്ടയം, വെട്ടൂർകാട്ടിൽ വീട്ടിൽ പ്രവീൺ (24), പത്തനംതിട്ട, തണ്ണിത്തോട് ശ്രീക്കുട്ടൻ (22) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കുലശേഖരപുരം, കോട്ടയ്ക്കപുറം പുതുമണ്ണേൽ വീട്ടിൽ ഉദയകുമാറിനെയും ഭാര്യയെയുമാണ് മർദിച്ചത്. ഞായറാഴ്ച വൈകീട്ടോടെ വള്ളിക്കാവ് ബോട്ട് ജെട്ടിക്ക് സമീപമുള്ള ഉദയകുമാറിന്റെ കടയിൽ പ്രതികൾ സിഗരറ്റ് വാങ്ങാൻ എത്തിയിരുന്നു. സിഗരറ്റിന്റെ വില ഗൂഗിൾ പേ ആയി നൽകാതെ പണമായി നൽകാമോയെന്ന് കടയുടമ ഉദയകുമാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
തുക പണമായി ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഉടമയെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ തറയിൽ തള്ളിയിട്ട് ചവിട്ടി പരിക്കേൽപിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തിപരിക്കേൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്രമം തടയാൻ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെയും പ്രതികൾ തടിക്കഷ്ണം ഉപയോഗിച്ച് തലയിൽ അടിച്ചു.
പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിമുഴക്കിയ ശേഷമാണ് പ്രതികൾ കടന്ന് കളഞ്ഞത്. പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, റസൽ ജോർജ്, എ.എസ്.ഐ അജയകുമാർ, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

