കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായവർ
കരുനാഗപ്പള്ളി: എക്സൈസ് സ്പെഷൽ സ്ക്വാഡ് തഴവ മേഖലയിൽ നടത്തിയ റെയ്ഡിൽ നാലേകാൽ കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കടത്തൂർ എൻ.എൻ കോട്ടേജിൽ നജാദ് (40), കുലശേഖരപുരം നീലികുളം അജ്മി മൻസിലിൽ അബ്ദുൽ മുജീബ് (49) എന്നിവരാണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
തഴവ പാറ്റോലിൽ തോടിന്റെ സമീപത്ത് കഞ്ചാവ് വിൽപന നടത്തിവരുന്നതിനിടെ സാഹസികമായാണ് എക്സൈസ് ഷാഡോ സംഘം പ്രതികളെ കീഴ്പ്പെടുത്തിയത്. അരകിലോ വീതം കഞ്ചാവ് പ്ലാസ്റ്റിക് കവറുകളിലാക്കി ടിന്നുകളിൽ തോടിന്റെ കരകളിൽ ഒളിപ്പിക്കുകയും ആവശ്യക്കാർ എത്തുന്ന മുറയ്ക്ക് എടുത്ത് നൽകുന്നതാണ് പതിവ്.
പൊലീസോ എക്സൈസോ എത്തുമ്പോൾ അറിയിക്കുന്നതിന് പുതിയകാവിൽ ആളുകളെ നിയോഗിച്ചിരുന്നു. ഇത്തരത്തിൽ നിരീക്ഷിക്കാൻ നിയോഗിച്ചയാളിനെ ആദ്യം പിടികൂടി ഇയാളുടെ ഫോണിൽ ബന്ധപ്പെട്ട് കാഞ്ചാവിന്റെ ആവശ്യക്കാർ എന്ന വ്യാജേനയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെജാദ് മംഗലാപുരത്തുനിന്ന് ഒരു കിലോ കഞ്ചാവ് പതിനായിരം രൂപക്ക് വാങ്ങി ഇവിടെ ഇരട്ടി വിലക്ക് വിൽപന നടത്തി വരികയായിരുന്നു.
പ്രതികളുടെ അന്തർ സംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസി. എക്സൈസ് കമീഷണർ എസ്. കൃഷ്ണകുമാർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു, അസി. എക്സൈസ് ഇൻസ്പെക്ടർ എം. മനോജ് ലാൽ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, അനീഷ്, സൂരജ്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ഗംഗ, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

