ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമം; വീട്ടമ്മക്ക് പരിക്ക്
text_fieldsകരുനാഗപ്പള്ളി: ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ പിന്തുടർന്ന യുവാവിന്റെ പരാക്രമത്തിൽ വീട്ടമ്മക്ക് സ്കൂട്ടറില്‍ നിന്ന് വീണ് പരിക്ക്.
കരുനാഗപ്പള്ളി കാരൂർക്കടവ് സ്വദേശിയായ 35കാരിയാണ് ബൈക്കിൽ പിന്തുടർന്ന യുവാവ് മാല അപഹരിക്കാനുള്ള ശ്രമിച്ചതിനിടയിൽ സ്കൂട്ടറിൽനിന്ന് വീണത്. തലക്കും മുഖത്തിനും കൈക്കും സാരമായി പരിക്കേറ്റ ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 9.30 ഓടെ വെളുത്തമണലിലുള്ള തുണിക്കടയിൽനിന്ന് ജോലികഴിഞ്ഞ് കാരൂർക്കടവിലേക്ക് സ്കൂട്ടറില്‍ പോകുമ്പോൾ പിന്തുടർന്നുവന്ന ബൈക്ക് യാത്രികനായ യുവാവാണ് പരാക്രമം നടത്തിയത്. വൈദ്യുതി ഇല്ലാത്ത സമയമായതിനാൽ പിന്തുടർന്ന ആളെയും വാഹന നമ്പറും തിരിച്ചറിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി പൊലീസ് മാല അപഹരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

