യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചവർ പിടിയിൽ
text_fieldsഅരുൺ, മഹാദേവൻ
കരുനാഗപ്പള്ളി: മുൻവിരോധംകാരണം യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. ചെറിയഴീക്കൽ, നമ്പിശ്ശേരിൽ ബാലു എന്ന അരുൺ (24), ചെറിയഴീക്കൽ, കണ്ടാടിശ്ശേരിൽ മഹി എന്ന മഹാദേവൻ (23) എന്നിവരാണ് പിടിയിലായത്. ചെറിയഴീക്കൽ, പുതുശ്ശേരി വീട്ടിൽ ഗോകുലിനെയാണ് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചത്. 2020ൽ ഗോകുലും പ്രതിയായ അരുണും തമ്മിലുണ്ടായ വാക്ക്തർക്കവും തുടർന്നുണ്ടായ വിരോധവുമാണ് അക്രമത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതികൾ സ്കൂട്ടറിൽ വരുകയായിരുന്ന ഗോകുലിനെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടികൊണ്ടുള്ള ആക്രമണത്തിൽ തലയിൽ മുറിവേറ്റ ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് തലയിൽ എട്ടോളം തുന്നലുണ്ട്.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ നാസറുദ്ദീൻ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

