എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ച കഞ്ചാവ് വിൽപന സംഘത്തെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ആദിനാട് തെക്ക് മുറിയിൽ ആർ.എൽ ഭവനത്തിൽ വിശാഖ് (23), ആദിനാട് പുന്നക്കുളം മുറിയിൽ മണിമന്ദിരത്തിൽ മനു എന്ന മിഥുൻ (29), ആദിനാട് പുന്നക്കുളം മുറിയിൽ ആർ.കെ മന്ദിരത്തിൽ കുട്ടപ്പായി എന്ന അനന്തകൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.
പുതിയകാവ് കെ.എസ്.ഇ.ബി ഓഫിസിന് സമീപം കാടുപിടിച്ച പുരയിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വിപണനവും നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്കുനേരെ വീശിയ കത്തിമുനയിൽനിന്ന് എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻ പിള്ള തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തുടർന്ന് നടന്ന പിടിവലിക്കിടയിൽ നിലത്തുവീണ ഇൻസ്പെക്ടർക്കും പ്രതികളിലൊരാൾക്കും പരിക്കുപറ്റി. കഞ്ചാവ് കൈവശംവെച്ചതിനും ഉദ്യോഗസ്ഥരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനും പിടിയിലായവർക്കെതിരെ കേസെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദിെൻറ നേതൃത്വത്തിൽ ഇൻസ്പെക്ടർ എസ്. മധുസൂദനൻ പിള്ള, പ്രിവൻറിവ് ഓഫിസർ പി.എ. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. സുധീർ ബാബു, എസ്. അൻഷാദ്, എസ്. സഫേഴ്സൺ, വനിത സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി, പി.എം. മൻസൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.