യുവാക്കളെ മർദിച്ചവർ പിടിയിൽ
text_fieldsഗോകുൽ, അഭിജിത്ത്
കരുനാഗപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് തഴവ അമ്പലംമുക്കിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ മർദിച്ച പ്രതികൾ പൊലീസ് പിടിയിലായി. വള്ളിക്കുന്നം രാഹുൽ ഭവനത്തിൽ ഗോകുൽ (24), കരുനാഗപ്പള്ളി മണപ്പള്ളി തെക്കതിൽ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ സനുവിനേയും ഇയാളുടെ കടയിലെ ജീവനക്കാരനായ അഭിലാഷിനേയുമാണ് അക്രമി സംഘം മാരകമായി മർദ്ദിച്ചത്.
കഴിഞ്ഞ മാസം രണ്ടിനു പ്രതികൾ ഉൾപ്പെട്ട സംഘം സനുവിന്റെ കടയുടെ മുൻവശത്ത് വച്ച് മറ്റൊരാളുമായി വഴക്കുണ്ടാക്കിയത് സനു വിലക്കിയിരുന്നു. ഇതിന്റെ വിരോധത്തിൽ മൂന്നിന് രാത്രിയോടെ കടയിൽ അതിക്രമിച്ച് കയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ഗോകുൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 2019 ൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും, ആലപ്പുഴ വള്ളിക്കുന്ന് സ്റ്റേഷനിൽ 2018 മുതൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമം അടക്കമുള്ള മറ്റ് നാല് കേസുകളിലും പ്രതിയാണ്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജിമോൻ, ഷെമീർ, കലാധരൻ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

