ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ മോഷ്ടിച്ച 15 സൈക്കിളുകളുമായി പിടിയിൽ
text_fieldsശിവകുമാർ
കരുനാഗപ്പള്ളി: ഒമ്പത് വർഷത്തെ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ മോഷണക്കേസ് പ്രതി മോഷ്ടിച്ച 15 സൈക്കിളുകളുമായി വീണ്ടും പിടിയിൽ. സ്കൂളുകളും ട്യൂഷൻ സെന്റകളും കേന്ദ്രീകരിച്ച് സ്ഥിരമായി സൈക്കിൾ മോഷണം നടത്തിവന്ന കരുനാഗപ്പള്ളി ഇടക്കുളങ്ങര പുലിയൂർ വഞ്ചി വടക്ക് കാവറാട്ട് മേക്കതിൽ ശിവകുമാറാണ് (44) പിടിയിലായത്.
മോഷ്ടിച്ച സൈക്കിളിൽ യാത്ര ചെയ്യവേ താച്ചയിൽ ജങ്ഷനിൽവെച്ച് നാട്ടുകാർ തടഞ്ഞുവച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ഷമീർ എ.എസ്.ഐ പ്രമോദ്, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിലൂടെയാണ് കരുനാഗപ്പള്ളിയിലെ വിവിധ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മാർക്കറ്റ് എന്നിവിടങ്ങളിൽനിന്ന് 15 ഓളം സൈക്കിളുകൾ മോഷ്ടിച്ചതായി സമ്മതിച്ചത്.
വിൽപന നടത്തിയതും സൂക്ഷിച്ചുവെച്ചിരുന്നതുമായ സാധനങ്ങൾ പൊലീസ് കണ്ടെടുത്തു. കായംകുളത്ത് ഇയാൾ നടത്തിയ മോഷണക്കേസിൽ ഒമ്പത് വർഷം ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഉടനെയാണ് ഇത്രയും സൈക്കിളുകൾ മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

