ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാർ രക്ഷകരായി
text_fieldsയാത്രക്കാരിക്ക് രക്ഷകരായ ബസ് ജീവനക്കാർ
കരുനാഗപ്പള്ളി: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാര്‍ രക്ഷകരായി. പന്മന ഇടപ്പള്ളികോട്ട സ്വദേശിനി ആതിരക്കാണ് ബസ് കണ്ടക്ടർ എ.ജി. സെബാസ്റ്റ്യനും ഡ്രൈവർ എ. ജോണും രക്ഷകരായത്. പി.എസ്.സി പരീക്ഷ കഴിഞ്ഞ് മടങ്ങവേ ബസില്‍ കുഴഞ്ഞുവീണ യുവതിയെ അതിവേഗം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പി.എസ്.സി പരീക്ഷയുടെ തിരക്ക് പരിഗണിച്ച് ആലപ്പുഴ നിന്ന് കൊല്ലത്തേക്ക് പ്രത്യേക സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിൽ കായംകുളത്തുനിന്ന് പരീക്ഷ കഴിഞ്ഞ് ഇടപ്പള്ളികോട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഉദ്യോഗാര്‍ഥി. ദേശീയപാതയിൽ വവ്വാക്കാവിന് സമീപം എത്തിയപ്പോഴാണ് ഇവർ കുഴഞ്ഞുവീണത്. ഇത് ശ്രദ്ധയിൽപെട്ട കണ്ടക്ടർ പെട്ടെന്ന് ഡ്രൈവറെ വിവരമറിയിക്കുകയും അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് അതിവേഗത്തില്‍ ബസില്‍ ഇവരെ എത്തിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയുമായിരുന്നു. യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കിയ ജീവനക്കാര്‍ ബസ്യാത്ര തുടരുകയായിരുന്നു. ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും.

