തഴവയിലെ പട്ടികജാതി-വർഗ സഹകരണ സംഘം തകർച്ചയിൽ
text_fieldsപാവുമ്പ തെക്ക് പട്ടികജാതി സഹകരണ സംഘം
കരുനാഗപ്പള്ളി: തഴവയിലെ രണ്ട് പട്ടികജാതി-വർഗ സഹകരണ സംഘങ്ങൾ തകർച്ചയിൽ. പാവുമ്പ വടക്ക്, പാവുമ്പ തെക്ക് പട്ടികജാതി സഹകരണ സംഘങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം പ്രവർത്തനക്ഷമമല്ലാതായത്. പട്ടികജാതി വിഭാഗത്തിന് വിവിധ കാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പാവുമ്പ തെക്ക് സഹകരണ സംഘം സ്ഥാപിച്ചത്.
ഇവിടെ അംഗങ്ങളായ കർഷകത്തൊഴിലാളികളെ തൊഴിൽ മേഖലക്കാവശ്യമായ ഉപകരണങ്ങൾ നൽകി സഹായിക്കുന്നതിന് സർക്കാർ സഹായത്തോടെ നിരവധി പദ്ധതികളും ആവിഷ്കരിച്ചിരുന്നു. നേരത്തേ ട്രാക്ടറും വിവിധ കാർഷിക ഉപകരണങ്ങളും വാങ്ങി കർഷകരെ സഹായിക്കുകയും ചെയ്തിരുന്നു. വിവിധ സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ രണ്ടു പതിറ്റാണ്ടായി സംഘം അടഞ്ഞുകിടക്കുകയാണ്.
പാവുമ്പ വടക്ക് സഹകരണ സംഘം കെട്ടിടം
ഇതോടെ സംഘത്തെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായി. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യർക്ക് വിവിധ തൊഴിൽ പരിശീലനങ്ങൾ നൽകാനായി ആരംഭിച്ച പാവുമ്പ വടക്ക് സഹകരണ സംഘത്തിന്റെയും നിലവിലെ അവസ്ഥ പരിതാപകരമാണ്.
വർഷങ്ങളായി സംഘം തുറക്കാതായതോടെ കെട്ടിടം ജീർണിച്ച് ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഇതിനു പുറമെ ലക്ഷകണക്കിന് രൂപ വിലവരുന്ന ട്രാക്ടർ, കൊയ്ത്ത്-മെതി യന്ത്രം, കാർഷിക ഉപകരണങ്ങൾ എന്നിവ തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും കാടുകയറി നശിച്ചു.