കരുനാഗപ്പള്ളിയിൽ ഫലം പ്രവചനാതീതം
text_fieldsയു.ഡി.എഫ് സ്ഥാനാർഥി സി.ആർ. മഹേഷിന് തൊടിയൂരിൽ നൽകിയ സ്വീകരണം
കരുനാഗപ്പള്ളി: പ്രവചനം അസാധ്യമാകുംവിധം കരുനാഗപ്പള്ളിയിൽ ത്രികോണ മത്സരം ശക്തമായി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇടത്- വലത് മുന്നണികൾക്കൊപ്പം എൻ.ഡി.എയും ശക്തമായ സാന്നിധ്യമാണ് മണ്ഡലത്തിൽ പ്രതിഫലിപ്പിക്കുന്നത്.
അവസാനഘട്ടത്തിലെത്തുമ്പോൾ അടിയൊഴുക്കുകൾ ഏതൊക്കെ രൂപത്തിൽ വരുമെന്നുപോലും കണ്ടെത്താനാവില്ല. ഫലം പ്രവചിക്കാൻ പഴയകാല രാഷ്ട്രീയ പ്രവർത്തകർക്ക് പോലും കഴിയാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തുന്നത്. നിലവിലെ സിറ്റിങ് എം.എൽ.എ ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ ഏറെ മുന്നേറിയെങ്കിലും ഇപ്പോൾ മറ്റ് സ്ഥാനാർഥികളും ഒപ്പം എത്തിയിട്ടുണ്ട്.
വോട്ടർമാരെ സ്വാധീനിക്കൽ, ജാതി സംഘടനകളുടെ പ്രാദേശിക നേതാക്കന്മാരെ സ്വാധീനിക്കൽ, ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾ തുടങ്ങിയ പഴയകാല തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ എല്ലാം ഇതിനകം മൂന്ന് മുന്നണികളും പയറ്റിക്കഴിഞ്ഞു.
നിയോജക മണ്ഡലം കൺവെൻഷനുകൾ, പഞ്ചായത്ത് കൺവെൻഷനുകൾ എന്നിവയെ കൂടാതെ വാർഡ് തലത്തിൽ കുടുംബ സംഗമങ്ങൾ ഉൾപ്പെടെ നടത്തി പ്രചാരണങ്ങൾക്ക് ശക്തിപകർന്നു.
ശശി തരൂർ, വി.ഡി. സതീശൻ തുടങ്ങി കോൺഗ്രസിന്റെ സംസ്ഥാനതല നേതാക്കൾ മഹേഷിനായി പ്രചരണത്തിനെത്തിയപ്പോൾ പ്രകാശ് കാരാട്ട്, ബിനോയ് വിശ്വം തുടങ്ങി എൽ.ഡി.എഫ് നേതാക്കന്മാർ അഡ്വ. എം.എസ്. താരക്ക് വേണ്ടിയും പ്രചാരണത്തിനെത്തി. എൻ.ഡി.എ സ്ഥാനാർഥി വി.എസ്. ജിതിൻ ദേവിന് വേണ്ടി ബി.ജെ.പിയുടെ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, സുരേഷ് ഗോപി എം.പി തുടങ്ങിയവർ പ്രചാരണത്തിനെത്തി. എടുത്തുപറയത്തക്ക വികസന പദ്ധതികളൊന്നും അടുത്ത കാലത്ത് പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിനെതിരെ ഇടത്, ബി.ജെ.പി മുന്നണികൾ പ്രചാരണം അഴിച്ചുവിടുന്നത്. വികസനം എം.എൽ.എ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും പ്രതിപക്ഷ പ്രതിനിധിയെ അവഗണിച്ചത് ഭരണപക്ഷത്തിന്റെ പ്രതികാര നടപടിയല്ലേ എന്ന മറുചോദ്യവും ഉയരുന്നു.
കരുനാഗപ്പള്ളിയിൽ ഇത്തവണയും മൂന്ന് സ്ഥാനാർഥികളും അവരവരുടെ വ്യക്തിപരമായ മികവുകളും സംഘടനയുടെ പ്രഖ്യാപിത നയങ്ങളും ലക്ഷ്യങ്ങളും പറഞ്ഞാണ് ജനത്തെ സ്വാധീനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

