പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി പിടിയിൽ
text_fieldsകരുനാഗപ്പള്ളി: പൊലീസ് ചമഞ്ഞ് വാഹനം തട്ടിയെടുത്ത പ്രതി പിടിയിൽ. കരുനാഗപ്പള്ളി തഴവ ഷെഷാസ് വീട്ടിൽ മുഹമ്മദ് നഹാസാണ് (45) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം ഉച്ചയോടെ മണപ്പള്ളി ജങ്ഷനിൽനിന്ന് ശൂരനാട് സ്വദേശിയായ അഖിൽദാസിന്റെ ഇരുചക്രവാഹനത്തിൽ കയറിയ പ്രതി വെളുത്ത മണൽ ഭാഗത്തെത്തിയപ്പോൾ താൻ പൊലീസ് സ്ക്വാഡിലെ അംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഖിലിനോട് പണം ആവശ്യപ്പെടുകയായിരുന്നു. അഖിൽ പണം നൽകാനില്ലാതെ പകച്ചുനിന്ന സമയം പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു.
തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇയാൾ പൊലീസ് അല്ലെന്നും മോഷ്ടാവാണെന്നും മനസ്സിലാവുന്നത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

