കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി
text_fieldsശ്യാമളക്ക് വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിന്റെ സാന്നിധ്യത്തിൽ
ഉടമസ്ഥന് തിരികെ നൽകുന്നു
കരുനാഗപ്പള്ളി: ടൗണിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി. കുലശേഖരപുരം പുന്നക്കുളം ഇലഞ്ഞിവയൽവീട്ടിൽ ശ്യാമളക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച വഴിയരികിൽനിന്ന് ഒന്നര പവന് മുകളിൽ തൂക്കംവരുന്ന സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടമസ്ഥരെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടിലെത്തിയ ശ്യാമള പൊതുപ്രവർത്തകനായ കെ.എസ്. പുരം സുധീറുമായി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം മാല ഏൽപ്പിച്ചു. നവമാധ്യമങ്ങളിലൂടെ വിവരം നൽകിയിരുന്നു. ശ്രദ്ധയിൽപ്പെട്ട മാലയുടെ ഉടമ ശാസ്താംകോട്ട കാട്ടുവിള ജയചന്ദ്രൻ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ സമീപിച്ചു. കരുനാഗപ്പള്ളി ടൗണിൽ തുണിയെടുക്കാൻ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കൊച്ചുമകളുടെ നഷ്ടപ്പെട്ട മാലയാണെന്ന് അടയാളസഹിതം പൊലീസിനെ ബോധ്യപ്പെടുത്തി.
ഇൻസ്പെക്ടർ ബിജു, കെ.എസ്. പുരം സുധീർ, അഡീഷനൽ എസ്.ഐ ബിജു എന്നിവരുടെ സാന്നിധ്യത്തിൽ ശ്യാമള മാല ഉടമസ്ഥന് തിരികെ നൽകി.

