ടി.ബി ജങ്ഷൻ-മണ്ണടിശ്ശേരി റോഡ് തകർച്ചയിൽ
text_fieldsപുതിയകാവ് ടി.ബി ആശുപത്രി ജങ്ഷനും മണ്ണടിശ്ശേരി ജങ്ഷനുമിടയിൽ തകർന്ന റോഡ്
കരുനാഗപ്പള്ളി: ദേശീയപാതക്ക് സമാന്തരമായി രണ്ടര കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന പുതിയകാവ് ടി.ബി ആശുപത്രി ജങ്ഷൻ മണ്ണടിശ്ശേരി ജങ്ഷൻ റോഡ് തകർന്ന് യാത്രാ ദുരിതത്തിൽ.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, പുതിയകാവ് നെഞ്ചുരോഗാശുപത്രി, പുതിയകാവ് മാർക്കറ്റ്, നിരവധി സ്കൂളുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി പ്രതിദിനം നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളുമാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. എന്നാൽ, റോഡിൽ മുഴുവൻ കുണ്ടും കുഴിയും രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
കൊല്ലം ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിൽ 2015ൽ മൂന്ന് സ്ഥലങ്ങളിൽ ടൈൽ പാകിയതൊഴിച്ചാൽ കാട്ടുംപുറം ജങ്ഷൻ, കാരാട്ട് ജങ്ഷൻ, പാലത്തിൻകട ജങ്ഷൻ, ചക്കിന്റെ തെക്കതിൽ ജങ്ഷൻ, സൊസൈറ്റി ജങ്ഷൻ, പനമൂട്ടിൽ ജങ്ഷൻ എന്നീ സ്ഥലങ്ങളിൽ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. ഇവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ കുഴികളിൽവീണ് അപകടത്തിൽ പെടുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇരുചക്ര വാഹന യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത വിധം തകർന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു മണിക്കൂർ തുടർച്ചയായി മഴപെയ്താൽ റോഡിൽ തെറുമ്പിൽ ജങ്ഷൻ മുതൽ നെഞ്ചുരോഗാശുപത്രി വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. പതിറ്റാണ്ടുകളായി പാറ്റോലി തോട്ടിലേക്ക് നീരൊഴുക്ക് ഉണ്ടായിരുന്ന പല തോടുകളും പിൽക്കാലത്ത് നികത്തി റോഡ് നിർമിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
നീരൊഴുക്കിന് ശാശ്വതമായ ശാസ്ത്രീയ സംവിധാനം ഒരുക്കിയ ശേഷം നവീകരണം നടത്തിയാലേ റോഡ് പൂർണമായും ഗതാഗത യോഗ്യമാവുകയുള്ളൂ. ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുമ്പോഴും മറ്റു ഘട്ടങ്ങളിലും ദേശീയപാതക്ക് സമാന്തരമായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡായ ടി.ബി ആശുപത്രി ജങ്ഷൻ മണ്ണടിശ്ശേരി റോഡ് അടിയന്തരമായി പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമാവുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.