ബസിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശിനി പിടിയിൽ
text_fieldsശാന്തി
കരുനാഗപ്പള്ളി: ബസിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനി പിടിയിൽ. തെങ്കാശി റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ശാന്തിയെയാണ് (39) കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെ കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു മോഷണ ശ്രമം.
യാത്രക്കാരിയായിരുന്ന വടക്കുംതല സ്വദേശി നിജയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പണം കവർച്ചചെയ്യാൻ ശ്രമിക്കുന്നതിനിടെ സഹയാത്രികർ കാണുകയും ഉടൻതന്നെ പൊലീസിൽ അറിയിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജു, എസ്.ഐ കലാധരൻപിള്ള, സി.പി.ഒ ഉഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

