യാത്രാസൗകര്യമില്ലാതെ വലഞ്ഞ് തഴവ ഗവ. കോളജ് വിദ്യാർഥികൾ
text_fieldsതഴവ ഗവ. കോളജ്
കരുനാഗപ്പള്ളി: തഴവ ഗവ. കോളജിലെ വിദ്യാർഥികളുടെ യാത്രാ ദുരിതത്തോട് മുഖംതിരിച്ച് അധികൃതർ. വവ്വാക്കാവ് മണപ്പള്ളി റോഡിൽ പ്രധാന ജങ്ഷനിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരെ ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് നിലവിൽ കോളജ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. ബി.എ, ബി.കോം കോഴ്സുകളിലായി നാന്നൂറിലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവരിൽ അമ്പത് ശതമാനത്തിലധികം വിദ്യാർഥികളും വവ്വാക്കാവ് ജങ്ഷനിൽ ബസിറങ്ങിയശേഷം മൂന്ന് കിലോമീറ്ററോളം കാൽനടയായി പോകേണ്ട സ്ഥിതിയാണ്.
നേരത്തേ കെ.എസ്.ആർ.ടി.സി കായംകുളം, കരുനാഗപ്പള്ളി ഡിപ്പോകളിൽനിന്ന് മണപ്പള്ളി, പാവുമ്പ മേഖലകളിലേക്ക് തുടർച്ചയായി ബസ് സർവിസ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് സർവിസുകൾ നിർത്തലാക്കിയതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്. 2016ലാണ് സംസ്ഥാന സർക്കാർ കോളജ് അനുവദിക്കുന്നത്. 2017 അധ്യായന വർഷം പാവുമ്പ ഹൈസ്കൂൾ കെട്ടിടത്തിൽ കോളജ് താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോളജ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും സർക്കാർ നടത്തിയ പ്രാഥമിക പരിശോധനയിൽ സ്ഥലത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നിലവിലെ വാടകക്കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. കോളജിന് കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി ഗ്രൗണ്ടിൽ സ്ഥലം ഏറ്റെടുത്തെങ്കിലും വിവിധ സാങ്കേതിക കാരണങ്ങൾമൂലം നടന്നില്ല. കാറുകൾ ഉൾപ്പെടെ അപരിചിതമായ സ്വകാര്യ വാഹനങ്ങളെ പെൺകുട്ടികളടക്കം യാത്രക്കായി പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് വവ്വാക്കാവിൽ ബസിറങ്ങി മഴക്കാലത്തടക്കം കോളജിലേക്കെത്താൻ കുട്ടികൾ നടത്തുന്ന നെട്ടോട്ടം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം നാട്ടുകാരും ഉന്നയിക്കുന്നു. കോവിഡിനുശേഷം ഉൾനാടൻ മേഖലകളിലേക്കുള്ള പല സർവിസുകളും കെ.എസ്.ആർ.ടി.സി പുനഃസ്ഥാപിച്ചെങ്കിലും ഈ റൂട്ട് അവഗണിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.