തിരുവോണനാളിൽ യുവാവിന് വെട്ടേറ്റ സംഭവം: മൂന്ന് പേർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: തിരുവോണദിവസം പുലർച്ചെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിലായി. മരങ്ങാട്ട്മുക്ക് സായി കൃപയിൽ ഷാൽ (38), കോഴിക്കോട് മാലിയിൽ പടീറ്റതിൽ പ്രസാദ് (35), കുളങ്ങരഭാഗം എൻ.എൻ മൻസിലിൽ ഷാനവാസ് (41) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തിരുവോണ ദിവസം പുലർച്ചെ 2.30 ഓടെ കാറിലും ബൈക്കുകളിലുമായെത്തിയ സംഘം കോഴിക്കോട്, എസ്.വി മാർക്കറ്റ്, പുഷ്പാലയത്തിൽ രാംരാജ് (29) നെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
മാരകമായി പരുക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുമായി ബൈക്കിൽ പോയ യുവാവിനെ പിന്തുടർന്നെത്തി ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്നുണ്ടായ തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളും പോലീസ് നിരീക്ഷണത്തിലാണെന്നും ഇവർ ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

