ദേശീയപാതയിൽ അപകടപരമ്പര; റീല്‍സ് ചിത്രീകരിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
text_fields1.കരുനാഗപ്പള്ളി വവ്വാക്കാവിൽ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച കാർ 2. ദേശീയപാതയിൽ ചവറ കെ.എം.എം.എൽ കമ്പനിക്ക് സമീപം മറിഞ്ഞ
ടാങ്കർ ലോറി 3. റീൽ ചിത്രീകരിക്കുന്നതിനിടയിൽ ദേശീയപാതയിൽ അപകടത്തിൽപെട്ട ബൈക്ക്
കരുനാഗപ്പള്ളി: ദേശീയപാതയില്‍ വവ്വാക്കാവിനും ചവറക്കും ഇടയില്‍ കഴിഞ്ഞ ദിവസം മൂന്ന് അപകടം; ഒരു യുവാവിന് പരിക്കേറ്റു. പുത്തന്‍തെരുവില്‍ ബൈക്കുകളില്‍ സഞ്ചരിച്ച യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ എതിരെ വന്ന മറ്റൊരു ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കുകളിൽ സഞ്ചരിച്ച യുവാക്കൾക്കെതിരെ അപകടത്തില്‍പെട്ട ബൈക്കുടമ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്കി.
വവ്വാക്കാവില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ ഭാഗം തകർന്നെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തിൽ പൊലീസിന് ആരും പരാതി നൽകിയിട്ടില്ല. അപകടത്തെതുടർന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
ചവറയില്‍ ദേശീയപാതക്ക് സമീപം ശനിയാഴ്ച ഉച്ചക്ക് 11.30ഓടെ ടാങ്കര്‍ ലോറി മറിഞ്ഞു. ചവറ കെ.എം.എം.എല്‍ കമ്പനിക്ക് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കൊല്ലത്തുനിന്ന് പെയിന്റുമായി വന്ന ലോറി പിറകോട്ടെടുക്കുന്നതിനിടയില്‍ ദേശീയപാതവികസനത്തിനായി എടുത്ത കുഴിയില്‍ വീഴുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അഗ്നിരക്ഷാസേന ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി.

