60 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപിടികൂടിയ പുകയില ഉൽപന്നങ്ങൾ
കരുനാഗപ്പള്ളി: മിനിലോറിയിൽ കടത്തിക്കൊണ്ട് വന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം ദേശീയപാതയിൽ വാഹന പരിശോധനക്കിടെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഏകദേശം 60 ലക്ഷം രൂപ വില വരുന്ന 94410 പാക്കറ്റുകളാണ് വാഹനത്തിൽനിന്ന് കണ്ടെടുത്തത്.
എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തിയത്. നിരോധിത പുകയില ഉൽപന്നവുമായി വന്ന മിനിലോറി പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. ഇവരെ പിന്തുടർന്ന പൊലീസ് കരോട്ട് ജങ്ഷന് സമീപംവെച്ച് വാഹനം പിടികൂടുകയായിരുന്നു. ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും ഓടി രക്ഷപ്പെട്ടു. ചകിരിച്ചോർ നിറച്ച ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് വിവിധയിനം പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. വാഹനം മൂവാറ്റുപുഴ സ്വദേശി നൗഷാദിന്റെ ഉടമസ്ഥയിലുള്ളതാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

