നിരോധിത പുകയില ഉൽപന്നം; മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിൽ മുഖ്യസൂത്രധാരന്മാരായ മൂന്നുപേർ കൂടി പിടിയിലായി. ആലപ്പുഴ സി.വി വാർഡിൽ ഇജാസ് (27), ആലപ്പുഴ വെള്ളകിണർ സജാദ് മൻസിലിൽ സജാദ് (28-നാനാജി), കരുനാഗപ്പള്ളി പുത്തൻതെരുവിൽ പനങ്ങോട്ട് മുക്കിൽ കൊല്ലിലേത്ത് പടീറ്റതിൽ ഷമീർ (39) എന്നിവരാണ് പിടിയിലായത്.
കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപം കഴിഞ്ഞദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന 1,27,410 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്കൊടുവിലാണ് അന്തർസംസ്ഥാന ബന്ധമുള്ള സംഘം വലയിലായത്.

