പോക്സോ കേസ് പ്രതിക്ക് 33 വർഷം തടവ്
text_fieldsRepresentational Image
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 21 മാസം കൂടി അധിക തടവ് അനുഭവിക്കണം. നീണ്ടകര വെളതുരുത്ത് സുജിത് നിവാസിൽ ശാലു എന്ന സുജിത്തിന് (22) കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോൾ ആണ് ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ മാസം അതിജീവിതയുടെ ബെഡ് റൂമിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായാണ് കേസ്.
ചവറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ ആക്ടിലെ വിവിധ വകുപ്പുകളും പ്രകാരമാണ് 33 വർഷം തടവുശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേമചന്ദ്രൻ ഹാജരായി.

