ഓണ കിറ്റ് വിതരണം ഒച്ചിന്‍റെ വേഗതയിൽ; കരുനാഗപ്പള്ളിയിൽ പകുതി പേർക്കും കിറ്റ് കിട്ടിയില്ല
text_fieldsകരുനാഗപ്പള്ളി: താലൂക്കിലെ 65 ശതമാനം പേർക്കും ഓണക്കിറ്റ് കിട്ടിയില്ല. കിറ്റിൽ നിറയ്ക്കേണ്ട പല സാധനങ്ങളും സിവിൽ സപ്ലൈസ് പായ്ക്കിങ്ങ് കേന്ദ്രത്തിൽ എത്താത്തതാണ് കിറ്റ് നിറയ്ക്കുന്നതിനുള്ള കാലതാമസമായി പറയുന്നത്. 500 കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ കടയിൽ ഇത് വരെ എത്തിച്ചത് 150 കിറ്റ്. അതും മൂന്ന് തവണയായി.
ആഗസ്റ്റ് 16 വരെയാണ് കിറ്റ് വിതരണമെന്ന് റേഷൻ കടയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള സർക്കാർ പോസ്റ്ററിൽ ഉണ്ട്. കിറ്റ് വാങ്ങാൻ എത്തുന്നവരുടെ അടുത്ത് മറുപടി പറഞ്ഞ് റേഷൻ കടക്കാർ മടുത്തു.
കിറ്റ് തിരക്കി 10 തവണയെങ്കിലും റേഷൻ കടയിൽ എത്താത്ത കാർഡുടമകൾ ചുരുക്കം. കടയിൽ എത്തി മടുത്തവർ ഫോണിലൂടെയുള്ള അന്വേഷണം. കിറ്റ് വിതരണത്തിലെ കാലതാമസം റേഷൻ വിതരണത്തേയും താളം തെറ്റിയ്ക്കുന്നു.
കോവിഡ് പ്രൊട്ടോകൾ പാലിക്കാൻ കിറ്റ് വിതരണത്തിലെ കാലതാമസം മൂലം സാധിക്കുന്നില്ലന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഈ രീതിയിൽ പോയാൽ ഓണം കഴിഞ്ഞാലും ഓണക്കിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കാത്ത സ്ഥിതിയാകും.