ജില്ലയിലെ ആദ്യ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍
text_fieldsജില്ലയിലെ ആദ്യ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച
കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ പ്രകൃതിവാതക പൈപ്പ് ലൈന്‍ പ്ലാന്റ് ചവറയില്‍ സ്ഥാപിക്കും. നടപടികള്‍ക്ക് തുടക്കമായതായി ഡോ. സുജിത് വിജയന് പിള്ള എം.എല്‍.എ അറിയിച്ചു.ചവറ ടൈറ്റാനിയംവക സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാർ ഉത്തരവ് നല്‍കിയത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടെ എല്ലാ വീടുകളിലേക്കും എൻ.ജി.പി ഗ്യാസ് എത്തും. സിംഗപ്പൂര്‍ ആസ്ഥാനമായ എ.ജി ആൻഡ് പി കമ്പിനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷത്തേക്കാണ് ഈ കമ്പനിയുമായി കരാര്‍. ഇപ്പോള്‍ ഗാര്‍ഹിക ആവശ്യങ്ങളിലേക്ക് ഉപയോഗിക്കുന്ന എല്‍.പി.ജിയേക്കാള്‍ അപകട സാധ്യത വളരെകുറഞ്ഞതാണ് പ്രകൃതി വാതകം.
ഭാരക്കുറവുള്ളതുമൂലം പൈപ്പ് ലൈന്‍ പൊട്ടിയാലും മുകളിലേക്ക് ഉയര്‍ന്ന് മൂന്ന് മീറ്റര്‍ പരിധിയില്‍ അന്തരീക്ഷത്തില്‍ ലയിക്കും. അപകടരഹിതവും സുരക്ഷിതത്വവും ഉറപ്പുള്ളതുമാണ്. ഇതിൽ ഉപയോഗിക്കുന്ന മീതൈല്‍ഗ്യാസ് ലിക്വിഡ് രൂപത്തില്‍ പ്ലാന്റിലെത്തിച്ച് ഗ്യാസാക്കിമാറ്റി പൈപ്പ ലൈനിലൂടെ വീടുകളിലെത്തിക്കുന്നതാണ് പദ്ധതി.
ഗാര്‍ഹിക ആവശ്യത്തിന് ഇപ്പോള്‍ എല്‍.പി.ജി ഗ്യാസ് ഉപയോഗിച്ച് വരുന്നവര്‍ക്ക് 15 ശതമാനം വിലക്കുറവില്‍ വീടുകളില്‍ പൈപ്പ് ലൈന്‍ വഴി അപകട രഹിത പ്രകൃതിവാതക ഗ്യാസ് എത്തിച്ചേരും. വീട്ടമ്മമാര്‍ സിലിണ്ടര്‍ ഗ്യാസ് കാത്തിരിക്കുന്ന കാലം വിസ്മൃതിയിലേക്ക് മാറും.
ഗാര്‍ഹിക, വാണിജ്യ, വ്യവസായ, വാഹന ഗതാഗതം എന്നീ മേഖലകള്‍ പ്രകൃതി വാതക ഉപയോഗത്തിലേക്ക് മാറും. ഭാവിയില്‍ മത്സ്യമേഖലയിലെ യന്ത്രവത്കൃത ബോട്ടുകളിലും ലിക്വിഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിക്കാന്‍ കഴിയും. സി.എന്‍.ജി ഉപയോഗിക്കുന്ന ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് 40 ശതമാനം ഇന്ധനചെലവ് കുറയുകയും മൈലേജ് കൂടുകയും ചെയ്യും. ഗ്യാസിലേക്ക് മാറുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് ചെലവ് ഗണ്യമായികുറയും. പദ്ധതിയുടെ തുടര്‍നടപടികള്‍ കെ.എം.എം.എല്ലും പഞ്ചായത്തുകളും സ്വീകരിക്കും.
ഈ പദ്ധതിയെ സംബന്ധിച്ച വിവിധ സംശയങ്ങളും ആശങ്കകളും ജനപ്രതിനിധികളും കമ്പനി പ്രതിനിധികളുമായി ചര്‍ച്ചചെയ്തു. ഗ്യാസ് പൈപ്പ് കടന്നുപോകുന്ന റോഡുകള്‍ കമ്പനി ഉത്തരവാദിത്വത്തില്‍ താമസം കൂടാതെ അറ്റകുറ്റപ്പണി നടത്തി പൂര്‍വ സ്ഥിതിയിലേക്ക് മാറ്റും. മീറ്റര്‍ റീഡിങ്ങിന് ശാസ്ത്രീയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു.
ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര, വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നന് ഉണ്ണിത്താന്, പഞ്ചായത്തംഗങ്ങളായ മാമൂലയില്‍ സേതുകുട്ടന്‍, രാജീവ് കുഞ്ഞുമണി, സുകന്യ, കേരളത്തിലെ എ.ജി ആൻഡ് പി കമ്പിനി മാനേജിങ് ഡയറക്ടര്‍ അജിത്ത് നാഗേന്ദ്രൻ, കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

