ഘടനാമാറ്റം വരുത്തിയ ഇരുചക്ര വാഹനങ്ങൾ ഭീഷണിയാവുന്നു
text_fieldsപ്രതീകാത്മക ചിത്രം
കരുനാഗപ്പളളി: രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ ഒരുസംഘം യുവാക്കൾ നടത്തുന്ന നിലവാരം കുറഞ്ഞ പ്രകടനങ്ങൾ യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. തെക്കുംഭാഗം, പന്മന, തേവലക്കര, ചവറ, തഴവ, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തിലെ മിക്ക തിരക്കേറിയ റോഡുകളിലും ഘടനാമാറ്റം വരുത്തിയ ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്ന അവസ്ഥയാണ്. 20നും 40നും മദ്ധ്യേ പ്രായമുള്ളവരാണ് നിരത്തിൽ യാത്രക്കാർക്ക് ഭീഷണിയാകുംവിധം വാഹനമോടിക്കുന്നവരിൽ ഭൂരിഭാഗവും.
രൂപത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം വാഹനത്തിന്റെ സൈലൻസറിന്റെ പ്ലൂട്ട് കേട് വരുത്തി കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്നതും ഇവരുടെ രീതിയാണ്. ബുള്ളറ്റുകളുടെ ഡീ കംപ്രഷൻ ബോക്സിൽ അകത്തേക്കുള്ള എക്സ്ഹോസ്റ്റ് പുറത്തേക്കാക്കി ക്രമീകരിച്ചും, ശേഷി കൂടിയ ബൈക്കുകളിൽ പ്രത്യകതരം സൈലൻസർ ഘടിപ്പിച്ചും, എൻജിൻ അതിവേഗ ഓഫ് - ഓൺ ചെയ്ത് കദിന പൊട്ടുന്നതിന് സമാനമായ ശബ്ദം ഉണ്ടാക്കി സ്വയം രസിക്കുന്ന മാനസിക വൈകല്യമുള്ളവർ റോഡിൽ ഏറി വരികയാണ്. ഹൃദ്രോഗികൾ, തൈറോയിഡ് പോലെയുള്ള രോഗം ബാധിച്ചവർ, വൃദ്ധർ, ചെറിയ കുട്ടികൾ എന്നിവർക്ക് റോഡിൽ അപ്രതീക്ഷിതമായി കേൾക്കുന്ന കാതടപ്പിക്കുന്ന വലിയ ശബ്ദം വിവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി വ്യാപകമായ പരാതിയാണ് ഉയരുന്നത്.
സൈക്കിൾ യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾ ഇത്തരം ശബ്ദം കേട്ട് നിയന്ത്രണംവിട്ട് അപകടപ്പെടുന്ന സംഭവങ്ങളുമുണ്ട്. തെക്കുംഭാഗം-ചേനങ്കര മുക്ക് റോഡ്, കെ.എം.എം.എൽ-ശാസ്താംകോട്ട റോഡ്, ഇടപ്പള്ളിക്കോട്ട-പറമ്പിമുക്ക്റോഡ്, വെളുത്തമണൽ-ചാമ്പക്കടവ് റോഡ്, എ.വി.എച്ച്.എസ്-വെളുത്തമണൽ റോഡ്,
പുതിയകാവ്-ചക്കുവള്ളി റോഡ്, വവ്വാക്കാവ്-മണപ്പള്ളി റോഡ്, വവ്വാക്കാവ്- വള്ളിക്കാവ് റോഡ്, ചങ്ങൻകുളങ്ങര-തോട്ടത്തിൽമുക്ക് റോഡ്, പുതിയകാവ്- കാട്ടിൽകടവ് റോഡ് തുടങ്ങി വിദ്യാർഥി സ്വാധീനം കൂടുതലുള്ള മിക്ക റോഡുകളിലും രാവിലെ 10വരെയും വൈകിട്ട് 4ന് ശേഷവും ഇത്തരക്കാരക്കൊണ്ട് നാട്ടുകാർ പൊറുതി മുട്ടിയിരിക്കുകയാണ്. ശബ്ദവൈകല്യം വരുത്തിയ വാഹനങ്ങൾ തിരക്കുള്ള സമയങ്ങളിൽ മരണ വേഗത്തിൽ ഓടിച്ച് സാഹസികത നടിക്കുന്നവരും ഇവിടെ ചില്ലറയല്ല. നിരപരാധികളായ വഴിയാത്രക്കാരെ അപകടപ്പെടുത്തുന്ന രീതിയിൽ കടന്നുപോകുന്ന ഇത്തരക്കാരെ നിയന്ത്രിക്കാനും നിലവിൽ സംവിധാനം ഇല്ലാത്ത അവസ്ഥയാണ്.
കടുത്ത വേനൽ കാലത്ത് പോലും ശരീരം പൂർണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രവും ഹെൽമറ്റും ധരിച്ച് പോകുന്ന അതിവേഗക്കാരെ പൊലീസിന് പോലും വേണ്ടാത്ത സ്ഥിതിയാണ്. ഘടനാമാറ്റം വരുത്തിയ ബൈക്കിൽ മൂന്നും നാലും പേർ വരെയാണ് ഒരു സമയം യാത്ര ചെയ്യുന്നത്. വഴിയിൽ കൈ കാണിച്ചാൽ നിർത്താതെ പോകുന്ന ഇവരെ ജീവനുകളുടെ എണ്ണം പരിഗണിച്ച് പൊലീസ് പിൻതുടരാറില്ല. കർശനമായ പരിശോധന ഏർപ്പെടുത്തി പൊതുനിരത്ത് അപകടരഹിതമാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

