ഗൃഹനാഥനെയും മകനെയും കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
text_fieldsജയേഷ്
കരുനാഗപ്പള്ളി: മുൻവിരോധം നിമിത്തം മധ്യവയസ്കയുടെ ഭർത്താവിനെയും മകനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. അയണിവേലിക്കുളങ്ങര കോഴിക്കോട് ജയ വിലാസത്തിൽ ഉണ്ണി എന്ന ജയേഷ് (38) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കോഴികൾ പരാതിക്കാരിയുടെ കൃഷി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഈ വിരോധത്തിൽ ഡിസംബർ 12ന് രാത്രി 8.45ഓടെ ഇയാൾ സ്ത്രീയുടെ വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞു.
ബഹളം കേട്ട് ഇറങ്ങിവന്ന ഭർത്താവിനെയും മകനെയും ഇയാൾ മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പ്രതിയെ കഴിഞ്ഞ ദിവസം കായംകുളം കറ്റാനത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ അനിത എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

