കരുനാഗപ്പള്ളി നഗരസഭ: കോവിഡ് പ്രതിരോധത്തിൽ മുന്നിൽ, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നിൽ
text_fieldsകരുനാഗപ്പള്ളി: ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുള്ള കരുനാഗപ്പള്ളി നഗരസഭയിൽ വികസനകുതിപ്പെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നഗരത്തിൽ പ്രകടം. കുടിവെള്ളം, സ്വകാര്യ ബസ് സ്റ്റേഷൻ, മുനിസിപ്പൽ ടവർനിർമാണം പൂർത്തിയാക്കൽ, വൈദ്യുതി, അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ വികസനം, കെ.എസ്.ആർ.ടിക്ക് സമീപത്തെ വെള്ളക്കെട്ട്, തുടങ്ങി കോടതി സമുച്ചയം ഭൂമി ഏറ്റെടുക്കൽ വരെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ദേശീയ പാതവികസനം നഗരഹൃദയത്തിൽ ഒരു കിലോമീറ്റർ പ്രദേശം എലിവേറ്റഡ് ഹൈവേയായിട്ട് നിർമിക്കുന്നത് നഗരത്തെ പകുത്ത് രണ്ടാക്കി മാറ്റുമെന്ന ആശങ്കയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. യു.ഡി.എഫിന്റെ പ്രഥമനഗരസഭ ഭരണത്തിൽ, സ്വകാര്യ ബസ് സ്റ്റേഷൻ യാഥാർഥ്യമാക്കി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. 2016ൽ ഭരണം മാറി എൽ.ഡി.എഫ് വന്നപ്പോൾ വീണ്ടും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇപ്പോഴും സ്വകാര്യ ബസ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ടില്ല. കോടികൾ ചെലവഴിച്ച് നിർമാണം നടന്നുവരുന്ന മുനിസിപ്പൽ ടവർ നിർമാണം പൂർത്തിയാകും മുമ്പേ ഉദ്ഘാടനം നടത്തിയെങ്കിലും ഒന്നരവർഷം കഴിഞ്ഞെങ്കിലും നിർമാണം നിന്നിടത്ത് തന്നെ നിൽക്കുന്നു.
നഗരത്തിൽ നിലാവ് പദ്ധതിയുടെ ഭാഗമായി 4000 വൈദ്യുതി വിളക്കുകൾ കെൽട്രോൺ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗവും മിഴികൾ അടച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്നം തീരദേശ മേഖലയിലെ 15 ഡിവിഷനുകളിൽ അതിരൂക്ഷമാണ്. കുടിവെള്ളം ടാങ്കർ വഴി എത്തിക്കുന്നതിന് നഗരസഭ 80 ലക്ഷം രൂപയാണ് ഒരുവർഷം ചെലവിട്ടുന്നത്. ഇത് നഗരസഭക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. നിലവിലെ ഭരണ നേതൃത്വത്തിനെതിരെയുള്ള വിഭാഗിയതയുടെ ഭാഗമായ എതിർപ്പ് വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നതും വസ്തുതയാണ്. ജീവനക്കാർക്ക് ശമ്പളത്തിലുൾപ്പെടെ, സാമ്പത്തിക പ്രതിസന്ധി നിഴലിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത് എന്നത് എടുത്തുപറയേണ്ടതുമുണ്ട്.
മുന്നേറ്റത്തിന്റെ വിജയഗാഥ
കോവിഡ് തീർത്ത പ്രതിസന്ധിക്കിടയിലും മുന്നേറ്റത്തിന്റെ വിജയഗാഥ രചിക്കുകയാണ് കരുനാഗപ്പള്ളി നഗരസഭ. ഭരണം ഒരുവർഷം പൂർത്തിയാകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു. രോഗവ്യാപനം രൂക്ഷമായ ഘട്ടത്തിൽതന്നെ സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഉൾപ്പെടെ വ്യാപിപ്പിച്ച് രോഗബാധിതരായ മുഴുവൻ ആളുകളുടെയും കുടുംബങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ നേരിട്ട് എത്തിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായി അതിഥി തൊഴിലാളികൾക്കായി ചികിത്സ കേന്ദ്രം ആരംഭിച്ചതും കരുനാഗപ്പള്ളി നഗരസഭയാണ്. കോവിഡ് രോഗിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്തുകൊണ്ടാണ് നഗരസഭ ചെയർമാൻ ചുമതലയേൽക്കുന്നത്. 69 കോടിയുടെ വികസന പ്രവർത്തനത്തിന് തുടക്കംകുറിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയുടെ ഒന്നാംഘട്ട വികസനപ്രവർത്തനങ്ങളുടെ സമർപ്പണം മാർച്ചിൽ നടത്തും. ഫുട്ബാൾ ടർഫ് ഉടൻ യാഥാർഥ്യമാകും. സി.സി.ടി.വികൾ സ്ഥാപിക്കുന്ന 'നഗരക്കാഴ്ച' പദ്ധതി ഉടൻ യാഥാർഥ്യമാകും. വാതിൽപ്പടി സേവന പദ്ധതിക്കായി പൈലറ്റ് പദ്ധതി നടപ്പാക്കുന്ന ഏക നഗരസഭയാണിത്.
പള്ളിക്കലാറിനെ മാലിന്യമുക്തമാക്കാനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ, ഊർജ സംരക്ഷണരംഗത്ത് നടപ്പാക്കിയ നിലാവ് പദ്ധതി, കായൽ ടൂറിസം പദ്ധതി എന്നിവയും വരുംവർഷത്തെ പ്രധാന പദ്ധതി ലക്ഷ്യങ്ങളാണ്. ഏറെനാളുകളായി നിലനിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശാശ്വത പദ്ധതിയും ഉടൻ പൂർത്തീകരണമാകും. മാലിന്യ സംസ്കരണ രംഗത്ത് ഗാർഹിക മാലിന്യ സംസ്കരണത്തിനായി പ്ലാന്റുകൾ ഉൾപ്പെടെ സ്ഥാപിക്കും. ശ്രീനാരായണഗുരുവിന്റെ പാദസ്പർശത്താൽ ശ്രദ്ധ നേടിയ പത്മനാഭൻ ജട്ടിക്ക് സമീപത്തെ കടവ് ഉൾപ്പെടെയുള്ള മുനിസിപ്പൽ പ്രദേശത്തെ സാംസ്കാരിക കേന്ദ്രങ്ങളെ സംരക്ഷിക്കുന്ന പദ്ധതി, ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് വിവര വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾ എന്നിവയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പൈപ്പ് ലൈനുകൾ ദീർഘിപ്പിക്കുന്നതിനും രണ്ട് ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്നതിനും നടപടിയായിട്ടുണ്ട്.
(കോട്ടയിൽ രാജു
നഗരസഭ ചെയർമാൻ)
നിഷ്ക്രിയ ഭരണം
ഒരുകാര്യത്തിലും വിജയിക്കാൻ കഴിയാത്തതും അവർക്കുതന്നെ വേണ്ടാത്തതുമായ ഒരു നിഷ്ക്രിയത്വമായ ഭരണമാണ് കരുനാഗപ്പള്ളി നഗരസഭയിലേത്. നഗരസഭ വാസികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ തുടർ ഭരണം ലഭിച്ചിട്ടും കഴിഞ്ഞിട്ടില്ല. 800ൽപരം പൊതു കുടിവെള്ള ടാപ്പുകൾ ഉള്ളതിൽ ഏകദേശം 150ന് താഴെ ടാപ്പുകളിലൂടെ വെള്ളം ലഭിക്കുന്നുള്ളൂ. ഗാർഹികാവശ്യത്തിന് ആയിരക്കണക്കിന് ടാപ്പ് ഉണ്ട്. വെള്ളം കിട്ടിയില്ലെങ്കിലും തുക വാട്ടർ അതോറിറ്റിക്ക് അടച്ചുകൊണ്ടിരിക്കുന്നു. ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽകിണറുകൾ എല്ലാം തകരാറിലായി പമ്പിങ് നിലച്ചു. ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുന്നതിൽ പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. നഗരസഭക്ക് സ്വന്തമായി ഒരു കുടിവെള്ള പദ്ധതി വേണം. കേന്ദ്ര സർക്കാറിൽനിന്നു ഗ്രാന്റായി പണം ലഭിക്കുമെങ്കിലും ഈ ആവശ്യം കൗൺസിലിൽ ഉന്നയിച്ചിട്ടും അനക്കമില്ല. നിലാവ് പദ്ധതി പ്രകാരം നടപ്പാക്കിയ ഒറ്റ വിളക്കുകളും പ്രകാശിക്കുന്നില്ല.
മാലിന്യസംസ്ക്കരണ പാന്റ് അടിസ്ഥാന സൗകര്യത്തിന് 199 ലക്ഷം മുടക്കി പ്രഥമ നഗരസഭ ഭൂമി വാങ്ങി നൽകിയിരുന്നു. ഇതിന്റെയും തുടർപ്രവർത്തനം നടന്നിട്ടില്ല. ഭൂരഹിത ഭവനരഹിതർക്കായി വീട് പദ്ധതിയും എങ്ങുമെത്തിയില്ല. സ്വകാര്യ ബസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങാനായില്ല. മുനിസിപ്പൽ ടവർ നിർമാണം പൂർത്തിയാക്കാതെ ഒന്നരവർഷം മുമ്പ് ഉദ്ഘാടനം നടത്തിയിട്ടും സ്ഥിതി പഴയപടി തന്നെ. ഭരണപക്ഷത്തെ ആഭ്യന്തര പ്രശ്നങ്ങൾ വികസനത്തെ പിന്നോട്ട്കൊണ്ടുപോകുന്നു. കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പ്രതിപക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കും.
(എം. അൻസാർ യു.ഡി.എഫ് പാർലമെന്ററി
പാർട്ടി നേതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

