പായൽ നിറഞ്ഞ് കന്നേറ്റി കായൽ; ബോട്ട് ഗതാഗതം തടസ്സപ്പെട്ടു
text_fieldsകന്നേറ്റിക്കായലിൽ പടർന്നുകിടക്കുന്ന പായൽ
കരുനാഗപ്പള്ളി: പള്ളിക്കലാർ വന്നുപതിക്കുന്ന കന്നേറ്റി കായലിൽ വിവിധതരം പായലുകൾ നിറഞ്ഞ് ജലഗതാഗതമുൾപ്പടെ തടസ്സപ്പെടുന്നു. ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും പായൽ സാന്നിധ്യം തടസ്സമാകുന്നു. പള്ളിക്കലാറിനെയും ചന്തകായലിനെയും കന്നേറ്റി കായലിനെയും പൂർണമായും മറച്ചുകൊണ്ടാണ് പായലുകൾ മൂടി കിടക്കുന്നത്. കുളവാഴകളും ആഫ്രിക്കൻ പായലും വിവിധതരം വള്ളിച്ചെടികളുമെല്ലാം ചേർന്നാണ് കായൽമൂടി കിടക്കുന്നത്.
കന്നേറ്റി പാലത്തിന് സമീപത്തെ ബോട്ടുജെട്ടിക്കുസമീപമുള്ള ഡി.ടി.പി.സിയുടെ ഔട്ട്ലറ്റിൽ നിന്നുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾക്കും പായൽ സാന്നിധ്യം തടസ്സമാകുന്നുണ്ട്. ഇവിടെ നിന്ന് നടത്തുന്ന ബോട്ട് സർവിസ് നടത്താനാകാതെ കെട്ടിയിട്ടിരിക്കുകയാണ്. പായലിന് മുകളിലൂടെയുള്ള ബോട്ടുയാത്രയും സാധ്യമല്ല.
വള്ളിച്ചെടികളിലും മറ്റും കുടുങ്ങിപ്പോകുന്നതിനാൽ ബോട്ടും വള്ളങ്ങളും അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. ജലോപരിതലത്തെ പൂർണമായും മറച്ച് പായലുകൾ പടരുന്നത് മത്സ്യസമ്പത്തിനും ഭീഷണിയാകുന്നു. സൂര്യപ്രകാശം കടന്നുചെല്ലാത്തത് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ ഉൾെപ്പടെ ബാധിക്കുന്നുണ്ട്.
വേലിയേറ്റെത്ത തുടർന്ന് ഉപ്പുവെള്ളം കയറുന്നതനുസരിച്ച് പായലുകൾ നശിക്കാറാണ് പതിവ്. ശക്തമായ പായൽ കാരണം ഒഴുക്ക് തടസ്സപ്പെട്ടതിനാൽ കുളവാഴകളും ആഫ്രിക്കൻ പായലുകളും അഴുകിമാറാനും തടസ്സമുണ്ട്. വെള്ളത്തിന് മുകളിൽ ചുറ്റിപ്പടർന്നുകിടക്കുന്ന വള്ളിച്ചെടികൾ അപകടങ്ങൾക്ക് കാരണമാകുകയും കായൽ വഴിയുള്ള എല്ലാ സഞ്ചാരത്തെയും തടസ്സപ്പെടുത്തുകയുമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.