കരുനാഗപ്പള്ളിയില്‍ അഗ്നിബാധ: വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
text_fieldsകരുനാഗപ്പള്ളി: വീടിനു തീപിടിച്ച് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി 7.15ഓടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഹൈസ്കൂള്‍ ജങ്ഷനു സമീപം കെ.എസ്.ഇ.ബി ഓഫിസിനു പിന്നിൽ പടനായർകുളങ്ങര വടക്ക് കൊച്ചുതറയില്‍ ജലജയുടെ വീടാണ് അഗ്നിക്കിരയായത്. ഗൃഹനാഥ ടി.വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ, വലിയ ശബ്ദത്തോടെ തീ ആളിക്കത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ വീടിനു പുറത്തേക്കോടിയതിനാല്‍ ആളപായമുണ്ടായില്ല. ഓടുമേഞ്ഞ മേല്‍ക്കൂരയും വീട്ടുപകരണങ്ങളും കത്തിനശിച്ചു. കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ലാല്‍ജീവ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സുശീല്‍ കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ സജയന്, മനോജ്, ബിജുമോന്, അമൃതരാജി, ഗ്ലെന്ഫര്ണാണ്ടസ്, റെജി, ഹോം ഗാര്‍ഡ് കുഞ്ഞുമോന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് നിഗമനം.