വീട്ടിൽ കയറി ആക്രമണം; പ്രതികൾ പിടിയിൽ
text_fieldsപ്രസാദ്, മനു
കരുനാഗപ്പള്ളി: വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ക്ലാപ്പന, കോട്ടക്കുപുറം മനീഷ് ഭവനത്തിൽ പ്രസാദ് (47), തൈക്കൂട്ടത്തിൽ മനു (30) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 24ന് കളരിവാതുക്കൽ ക്ഷേത്രോത്സവ സ്ഥലത്ത് പ്രസാദും ക്ലാപ്പന സ്വദേശിയായ ഹബീബും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ വിരോധം നിമിത്തം പ്രസാദും കൂട്ടാളിയായ മനുവും അടുത്ത ദിവസം ഹബീബിന്റെ കോട്ടക്കുപുറം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിന്റെ മുറ്റത്തിരിക്കുകയായിരുന്ന ഹബീബിനെ പ്രതികൾ മാരകമായി മർദ്ദിച്ച് അവശനാക്കി.
അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഇയാളുടെ മാതാവിനെ ആക്രമിച്ചു. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മകനേയും മാതാവിനെയും ഭീഷണിപ്പെടുത്തി തിരികെപോയ പ്രതികൾ ഹബീബിന്റെ സഹോദരനെ ആയിക്കോമത്ത് ജങ്ഷനിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കരുനാഗപ്പള്ളി പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുവരും. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷെമീർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

