അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഘം പിടിയിൽ
text_fieldsഅമിതവേഗം ചോദ്യംചെയ്ത യുവാവിനെ വീട്ടിൽകയറി കമ്പിവടിക്ക് തലക്കടിച്ച ശ്രമിച്ച കേസിൽ പിടിയിലായ സുജിത്ത്, അജിത്ത്, അശ്വനികുമാർ, അരുൺ
കരുനാഗപ്പള്ളി: അമിത വേഗം ചോദ്യം ചെയ്ത യുവാവിനെ വീട്ട്മുറ്റത്ത് കയറി കമ്പിവടിക്ക് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. വള്ളികുന്നം കൈപ്പള്ളി ഭാഗത്ത് കാടുവിനാൽ പേരക്കത്തറയിൽ സുജിത്ത് (22), സഹോദരൻ അജിത്ത് (20), വള്ളികുന്നം കൈപ്പള്ളി ഭാഗത്ത് കടുവിനാൽ അമ്പിളി ഭവനത്തിൽ അശ്വനികുമാർ (25), പാവുമ്പാ വടക്ക്മുറിയിൽ പ്രസന്ന ഭവനത്തിൽ അരുൺ (26) എന്നിവരാണ് പിടിയിലായത്.
പാവുമ്പ ശരത് ഭവനിൽ ശരത്തിന്റെ വീടിന് മുന്നിലൂടെ അമിത വേഗത്തിൽ ബൈക്കിൽ പോയത് ശരത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനെതുടർന്ന് 22ന് രാത്രി 11.45ന് സംഘം ശരത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ശരത്തിന്റെ മാതാവിനെയും ബന്ധുവിനെയും ആക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികളെ വള്ളികുന്നത്ത് നിന്ന് പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കലാധരൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, എസ്.സി.പി.ഒ സാബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.