കുടുംബവഴക്ക്: ഭാര്യയുടെ ആക്രമണത്തിൽ വയോധികന് ഗുരുതരപരിക്ക്
text_fieldsകരുനാഗപ്പള്ളി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ ആക്രമണത്തിൽ കഴുത്തിൽ മാരകമായി കുത്തേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. ഭാര്യ പൊലീസ് കസ്റ്റഡിയിൽ. തടിമിൽ ഉടമയായ കുലശേഖരപുരം കടത്തൂർ വലയിൽ തറയിൽ താഹക്കാണ്(75) പരിക്കേറ്റത്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭാര്യ അയിഷാബീവി (65) മൂർച്ചയേറിയ വസ്തുകൊണ്ട് താഹയെ ആക്രമിക്കുകയായിരുന്നെന്നും ഇവരെ അറസ്റ്റ് ചെയ്തതായും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കേറ്റം നടക്കുന്നതിനിടെയാണ് ഭാര്യ ഭർത്താവിനെ കഴുത്തിൽകുത്തി പരിക്കേൽപ്പിച്ചത്.
സമീപത്തുള്ള ബന്ധുവാണ് രക്തത്തിൽ കുളിച്ചു കിടന്ന താഹയെ ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും പരിസരവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോടതി ഇവരെ റിമാൻഡ് ചെയ്തു