സ്കൂട്ടർ യാത്രികനായ ഭിന്നശേഷിക്കാരനെ തടഞ്ഞുനിർത്തി മർദിച്ചു
text_fieldsനൗഷാദ് ആശുപത്രിയിൽ
കരുനാഗപ്പള്ളി: സ്കൂട്ടർ യാത്രികനായ ഭിന്നശേഷിക്കാരനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചതായി പരാതി. തലക്ക് പരിക്കേറ്റ കല്ലേലിഭാഗം ഇടക്കുളങ്ങര കുന്നുംപുറത്ത് കിഴക്കതിൽ വീട്ടിൽ നൗഷാദ് (53) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ചൂളൂർക്കാവ് -റെയിൽവേ സ്റ്റേഷൻ മാമൂട് റോഡിൽ പുത്തൻകുളം ജങ്ഷന് സമീപമായിരുന്നു സംഭവം.
ബധിരനും മൂകനുമായ നൗഷാദ് തേവലക്കരയിലെ തയ്യൽക്കട അടച്ച് ഇടക്കുളങ്ങരയിലെ വീട്ടിലേക്ക് പോകവേ, ചൂളൂർകാവിന് സമീപം പുത്തൻകുളം ജങ്ഷനിൽ കാർ നിർത്തിയിട്ടശേഷം റോഡിൽ നിന്ന നാലംഗസംഘം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് സ്കൂട്ടർ ഓടിച്ച് നൗഷാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്ന് വീടിന് മുന്നിലിട്ട് വീണ്ടും മർദിച്ചു.
മർദനത്തിന് ശേഷം സംഘം കടന്നുകളഞ്ഞു. തലയിൽ ആഴത്തിൽ മുറിവേറ്റ ഇയാളെ വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.