മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിനിധികള്‍; സി.പി.എം സമ്മേളനം നിർത്തിവെച്ചു
text_fieldsകരുനാഗപ്പള്ളി: മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആറ് പ്രതിനിധികള്‍ പ്രഖ്യാപിച്ചതോടെ സി.പി.എം കരുനാഗപ്പള്ളി ടൗൺ ലോക്കല്‍ സമ്മേളനം ജില്ല നേതൃത്വം ഇടപെട്ട് നിർത്തിവെച്ചു. കഴിഞ്ഞദിവസം രാവിലെ സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിെൻറ സംഘടനാ ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമുയർന്നു.
കരുനാഗപ്പള്ളി മണ്ഡലത്തിലെ തോല്‍വിയുടെ പേരില്‍ ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആര്. വസന്തനെ സംസ്ഥാന നേതൃത്വം തരംതാഴ്ത്തിയെങ്കിലും നാലായിരത്തോളം വോട്ടിന് പിറകിലായ ടൗണ്‍ ലോക്കലില്‍ കാലുവാരിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമുയര്‍ന്നു. ഏരിയ സെക്രട്ടറിയായ പി.കെ. ബാലചന്ദ്രനും മുന്‍ ടൗണ്‍ ലോക്കല്‍ സെക്രട്ടറിയും ഏരിയ അംഗവുമായ ബി. സജീവനും നടത്തിയ കൂട്ട ബന്ധുനിയമനങ്ങള്‍ ചിലർ ചോദ്യം ചെയ്തു.
പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ അഴിമതിയും ബന്ധുത്വവും ബിസിനസ് താല്പര്യങ്ങളും ആണെന്ന് ചിലര്‍ തുറന്നടിച്ചു. കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ഏരിയ സെൻററില്‍ പ്രവര്‍ത്തിക്കുന്ന ബി. സജീവന്, അടുത്തിടെ നടന്ന പുനഃസംഘടനയില്‍ ലോക്കല്‍ കമ്മിറ്റിയിലെത്തിയ എസ്. ശ്രീജിത്ത് എന്നിവരെ ഒഴിവാക്കിയും എന്‍.സി. ശ്രീകുമാര്‍, പാർഥസാരഥി എന്നിവരെ ഉള്‍പ്പെടുത്തിയും നേതൃത്വം പാനല്‍ അവതരിപ്പിച്ചു.
മുന്‍ കൗണ്‍സിലര്‍മാരായ ശിവപ്രസാദ്, എ. അജയകുമാര്‍, നസീം അഹമ്മദ് കൂടാതെ തോണ്ടലില്‍ വേണു, സോമന്, സലീം എന്നിവരുടെ പേരുകളാണ് മത്സരത്തിനായി പ്രതിനിധികള്‍ നിർദേശിച്ചത്.