ദേശീയപാത; സർവിസ് റോഡുകളിലെ കവറിങ് സ്ലാബുകൾ അപകട ഭീഷണി
text_fieldsദേശീയപാതയിൽ വവ്വാക്കാവ് ജങ്ഷന് സമീപം ഓടകൾക്ക് മുകളിൽ സ്ഥാപിച്ച കവറിങ് സ്ലാബ് തകർന്ന നിലയിൽ
കരുനാഗപ്പള്ളി: പുതിയ ദേശീയപാതയിൽ സർവിസ് റോഡുകൾക്ക് ഇരുവശവുമുള്ള ഓടകൾക്ക് മുകളിൽ സ്ഥാപിച്ച കവറിങ് സ്ലാബുകൾ അപകട ഭീഷണിയാവുന്നു. പലഭാഗത്തും ഇത്തരം സ്ലാബുകൾ തകർന്ന് അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ആഗസ്റ്റ് ആറിന് വവ്വാക്കാവ് ജങ്ഷന് വടക്കുള്ള പെട്രോൾ പമ്പിന് സമീപം മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി സർവിസ് റോഡിനോട് ചേർന്ന സ്ലാബ് തകർന്ന് മറിഞ്ഞിരുന്നു. ചെറുതും വലുതുമായ മറ്റ് അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രധാന പാതയുടെ നിർമാണം നടക്കുന്നതിനാൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാൻ കവറിങ് സ്ലാബ് ഉൾപ്പെടെ സർവിസ് റോഡിന് വെറും ഏഴര മീറ്റർ മാത്രമാണ് വീതിയുള്ളത്. അതിനാൽ പലപ്പോഴും സ്ലാബുകൾക്ക് മുകളിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. വെറും 17 സെന്റിമീറ്റർ മാത്രം വീതിയുള്ള പാർശ്വഭിത്തികളുടെ മുകളിലാണ് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു മുകളിലൂടെ യാത്രാ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകുന്നത് വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
സ്ലാബുകൾ പൊട്ടിയാൽ മണിക്കൂറുകൾക്കുള്ളിൽ പുതിയവ സ്ഥാപിക്കുമെങ്കിലും ഗുണനിലവാരമുള്ള സ്ലാബുകൾ നിർമിച്ച് പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല. ദേശീയപാത പോലെ പ്രധാന നിരത്തുകളോട് ചേർന്ന് സ്ഥാപിക്കേണ്ടത് റീ ഇൻഫോഴ്സഡ് സ്ലാബുകളാണെന്നിരിക്കെ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ് ദേശീയപാതയിൽ നടക്കുന്നത്.
റോഡിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന പില്ലറുകൾ, ബീമുകൾ, സ്ലാബുകൾ ഓടകളുടെ പാർശ്വഭിത്തികൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ പോലും വ്യവസ്ഥാപിത സംവിധാനങ്ങളില്ല. തുടർച്ചയായ അപകടങ്ങളും പുതിയകാവ് ജങ്ഷനിൽ ഉയര മൺപാത നിർമിക്കാനുള്ള നീക്കവും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. അണ്ടർ പാസിനോട് ചേർന്ന് ഉയര മൺപാത നിർമിക്കാനുള്ള നീക്കം തടയുമെന്ന മുന്നറിയിപ്പുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വലിയ ഭാരമുള്ള സ്ലാബുകൾ ഉയർത്തി നിർത്തി മൺപാതയുടെ നിർമാണം നടത്തുന്ന സാഹചര്യത്തിൽ പോലും സ്ലാബുകൾ അടർന്നുവീണ് അപകടം ഉണ്ടാകാതിരിക്കാൻ യാതൊരു മുൻകരുതലുകളും അധികൃതർ സ്വീകരിക്കാറില്ലെന്നും ഇവർ പരാതിപ്പെടുന്നു. തിരക്കേറിയ റോഡുകളിൽ ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ജി.ഐ ഗാർഡറുകൾ ഉൾപ്പെടെ വിവിധ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാമെന്നിരിക്കെ മനുഷ്യജീവന് വില കൽപ്പിക്കാത്ത ദേശീയപാത നിർമാണ പ്രവർത്തന രീതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സർവിസ് റോഡുകളോട് ചേർന്ന സ്ലാബുകൾക്ക് മുകളിലൂടെ ഗതാഗതം നിരോധിക്കാനോ നിയന്ത്രിക്കാനോ പോലും അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

